കൊല്ലം: ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിലും ക്രൈസ്തവ പീഡനങ്ങൾക്കുമെതിരെ കൊല്ലം രൂപതയും കെ.ആർ.എൽ.സി.ബി.സി റിലീജിയസ് കമ്മിഷനും ചേർന്ന് പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു. വൈദികരും കന്യാസ്ത്രീകളും വിശ്വാസികളുമായി നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലി പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രതിഷേധ യോഗ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.പോൾ ആന്റണി അദ്ധ്യക്ഷനായി. മേയർ ഹണി ബഞ്ചമിൻ, ഫാ. ജിജു അറക്കത്തറ, വികാർ ജനറൽ മോൺ ബൈജു ജൂലിയൻ, ഫാ.മേരി ദാസൻ, സി.റോസ് ഫ്രാൻസിസ്, അനിൽ ജോൺ ഫ്രാൻസിസ്, ഫാ.വർഗീസ്, ഫാ.ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഫാ.ജോളി എബ്രഹാം, ലെസ്റ്റർ കാർഡോസ്, മിൽട്ടൺ സ്റ്റീഫൻ, സാജു കുരിശിങ്കൽ, ബെയ്സിൽ നെറ്റാർ, ഫാ. ജോ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

ക്രൈസ്തവ വേട്ട ഒറ്റപ്പെട്ടതല്ല: എൻ.കെ.പ്രേമചന്ദ്രൻ

ചത്തീസ്ഗഡിൽ ഇപ്പോൾ നടന്ന സംഭവം ക്രൈസ്തവ വേട്ടയുടെ തുടർച്ചയാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലം രൂപത സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിന്യായ സംവിധാനത്തിന്റെ ആപത്കരമായ ദുരുപയോഗമാണ് ഇപ്പോൾ പ്രകടമായിരിക്കുന്നത്. കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തതും അന്യായമായ വകുപ്പുകൾ എഴുതിച്ചേർത്തതും പൊലീസല്ല, തീവ്ര ഹിന്ദുത്വവാദികളായ ബജ്റംഗദൾ പ്രവർത്തകരാണെന്നതാണ് ഭീകരാവസ്ഥയെന്നും എം.പി കൂട്ടിച്ചേർത്തു.