ഓടനാവട്ടം: പൂയപ്പള്ളി, നെടുമ്പന പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന വിശാലമായ മീയണ്ണൂർ ജംഗ്ഷൻ വികസനമില്ലായ്മയിൽ വീർപ്പുമുട്ടുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളുടെയും അസ്സിസിയ മെഡിക്കൽ കോളേജിന്റെയും കൊല്ലം - കുളത്തൂപ്പുഴ റോഡിന്റെയും സംഗമ സ്ഥാനമായ ഈ പ്രദേശം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഗതാഗതത്തിനും വ്യാപാര-വ്യവസായ മേഖലകൾക്കും വലിയ തടസങ്ങൾ സൃഷ്ടിക്കുകയാണ്. അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന പ്രധാന ജംഗ്ഷനാണ് മീയണ്ണൂർ. കുളത്തൂപ്പുഴ, ചാത്തന്നൂർ, കൊല്ലം, നെടുമൺകാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് കാത്തുനിൽക്കാനുള്ള പ്രധാന ഇടം കൂടിയാണിത്. എന്നിട്ടും, ഇവിടെയുള്ള സൗകര്യങ്ങൾ പരിമിതമാണ്.
ഗതാഗതക്കുരുക്ക്
പൂർണ്ണമായി വെട്ടിമാറ്റാത്ത ഒരു ആൽമരവും പുരാതനമായ ഒരു വെയിറ്റിംഗ് ഷെഡും ഒപ്പം ഒരു ഉപയോഗശൂന്യമായ പൊതു കിണറും നാല് റോഡുകളുടെ സംഗമ സ്ഥാനത്ത് ഗതാഗതത്തിന് ഗുരുതരമായ തടസങ്ങൾ സൃഷ്ടിക്കുന്നു. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതമാണ് സമ്മാനിക്കുന്നത്. ഈ തടസങ്ങൾ ഒഴിവാക്കി, സമീപത്തുള്ള സർക്കാർ ഭൂമി പ്രയോജനപ്പെടുത്തി ആധുനിക രീതിയിലുള്ള നിർമ്മാണം നടത്തിയാൽ സ്മാർട്ട് വെയിറ്റിംഗ് ഷെഡും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഈ ജംഗ്ഷനിൽ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പഞ്ചായത്ത് അധികൃതരുടെ മൗനം
ഏറ്റവുമധികം വികസനം വരേണ്ട ഈ പ്രദേശത്തെക്കുറിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നാണ് പ്രദേശവാസികൾക്ക് ചോദിക്കാനുള്ളത്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ജംഗ്ഷൻ നവീകരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
പൂയപ്പള്ളി, നെടുമ്പന പഞ്ചായത്തുകൾ മനസ് വച്ചാലെ ഈ പ്രദേശത്തിനു പുരോഗതി ഉണ്ടാവുകയുള്ളൂ. യാത്രക്കാർക്ക് വേണ്ടി ഒരു വെയിറ്റിംഗ് ഷെഡ് ഇവിടെ ആവശ്യമാണ്. ഒരുപഞ്ചായത്തു കിണർ ഒത്തിരി സ്ഥലം കവർന്നുകൊണ് പാഴായികിടക്കുകയാണ്. ഓട്ടോ, സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്ക് പാർക്കിംഗിന് സൗകര്യമില്ല. വൻ ആൽമരം നിന്നിരുന്നത് പൂർണമായും മുറിച്ചുനീക്കാൻ കഴിയാത്തതും അധികൃതരുടെ അലംഭാവമാണ്. അടിയന്തര നടപടികൾ ഇരു പഞ്ചായത്തുകളും സ്വീകരിച്ച് മിയന്നൂർ ജംഗ്ഷനിൽ
വികസനം ഉറപ്പാക്കണം.
കൊട്ടറ വിക്രമൻനായർ
വൈസ് പ്രസിഡന്റ്
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി
എഴുകോൺ