കൊല്ലം: വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ രക്തം വാർന്ന് കിടന്ന ദമ്പതികളെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ചവറ തെക്കുംഭാഗം പൊലീസ്. തേവലക്കര പാലയ്ക്കൽ പുലിക്കുളത്ത് ദമ്പതികൾക്ക് വെട്ടേറ്റതായുള്ള വിവരം നാട്ടുകാരാണ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. വിവരമറിഞ്ഞ് തെക്കുംഭാഗം സി.ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ അഫ്സൽ, അൻസിഫ് എന്നിവരടങ്ങിയ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച ദാരുണമായിരുന്നു. ബന്ധുവിന്റെ വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഉൾപ്പെടെ മാരകമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് മരണത്തോട് മല്ലിടുന്ന രമണൻ, ഭാര്യ ലക്ഷ്മി എന്നിവരെയാണ് പൊലീസ് കണ്ടത്. ഒട്ടും വൈകാതെ, ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ സി.ഐ ശ്രീകുമാർ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇരുവരെയും താങ്ങിയെടുത്ത് ഔദ്യോഗിക വാഹനത്തിൽ കയറ്റി. അതിവേഗത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കി. വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം അതിവേഗം ആംബുലൻസ് എത്തിച്ച് ബന്ധുക്കളോടൊപ്പം ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ആശ്വാസവാക്കുകൾ പറഞ്ഞ് ദമ്പതികളെ യാത്രയാക്കിയ ശേഷം പൊലീസുകാർ സ്റ്റേഷനിലേക്ക് മടങ്ങി. സംഭവത്തിനുശേഷം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സംഘം സാഹസികമായി പിടികൂടിയിരുന്നു.