ccc
തെരുവു വിളക്കുകൾ

കൊട്ടാരക്കര : നഗരസഭയുടെ അനാസ്ഥ കാരണം കൊട്ടാരക്കര നഗരവും സമീപ പ്രദേശങ്ങളും ഇരുട്ടിലാകുന്നു. തെരുവുവിളക്കുകൾ കൃത്യമായി പ്രകാശിപ്പിക്കാൻ നഗരസഭ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഗ്രാമീണ മേഖലയിലെ ഇടറോഡുകളിലാണെങ്കിൽ അധികൃതർ തിരിഞ്ഞു നോക്കാറുപോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. നഗരസഭ കൃത്യമായി വൈദ്യുതി ബോർഡിന് പണം അടയ്ക്കുന്നുണ്ടെങ്കിലും, കരാറുകാർ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിൽ വീഴ്ച വരുത്തുകയാണ്. നഗരസഭ ബൾബുകളും മറ്റ് സാമഗ്രികളും വാങ്ങി നൽകാറുണ്ടെങ്കിലും, ഫ്യൂസായ ബൾബുകൾ മാറ്റി സ്ഥാപിക്കാനോ പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനോ അവർ തയ്യാറാകുന്നില്ല.

മാർക്കറ്റ് ജംഗ്ഷനിലും

നഗരസഭയുടെ ഹൃദയഭാഗമായ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പോലും കൃത്യമായി പ്രകാശിക്കാറില്ല. ഒരു ദിവസം മിന്നിയാൽ പിന്നെ ഒരാഴ്ച തെളിയാറില്ല. ഹൈമാസ്റ്റ് ലൈറ്റ് തെളിയാതിരുന്നാൽ ടൗൺ പൂർണ്ണമായും ഇരുട്ടിലമരും. ഒമ്പത് മണിയോടെ വ്യാപാര സ്ഥാപനങ്ങൾ അടയുന്നതോടെ ടൗൺ പൂർണ്ണമായും ഇരുട്ടിൽ മുങ്ങുന്ന സ്ഥിതിയാണ്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ ടൗണിലുണ്ടായിരുന്ന മറ്റ് തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായിരുന്നു.

അടിയന്തര നടപടി വേണം

തൃക്കണ്ണമംഗൽ ഇ.റ്റി.സി. ഭാഗം, പെൻമാന്നൂർ ഭാഗം, റെയിൽവേ സ്റ്റേഷൻ, ഉഗ്രൻകുന്ന് ഭാഗം, അമ്പലപ്പുറം തുടങ്ങി മിക്ക വാർഡുകളിലും സമാനമായ അവസ്ഥയാണ്. ഇവിടെയും തെരുവുവിളക്കുകൾ നാളുകളായി പ്രകാശിക്കുന്നില്ല. സന്ധ്യമയങ്ങിയാൽ തെരുവുനായകളെയും ഇഴജന്തുക്കളെയും ഭയന്നു യാത്ര ചെയ്യണം. തെരുവുവിളക്കുകളാണ് കാൽനടയാത്രക്കാരുടെ ഏക ആശ്രയം. അത് ഇല്ലാതാകുന്നതോടെ യാത്ര ദുഷ്കരമാകുന്നു.