എഴുകോൺ : റെയിൽവേ അടിപ്പാലത്തിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. നെടുമൺകാവ് പാതയിൽ എഴുകോൺ ഗവ.എൽ.പി.എസിന് സമീപത്തെ റെയിൽവേ അടിപ്പാലത്തിൽ ആണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്. വലിയ മഴക്കാലത്ത് മുട്ടൊപ്പം വെള്ളം ഉണ്ടാകും. അടിപ്പാലത്തിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ വെള്ളം ഇവിടേക്ക് ഒഴുകിയെത്തി കെട്ടിനിൽക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.നിരവധി തവണ പരിഹാരത്തിനായി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.ഒന്നും ഫലം കണ്ടില്ല.
യാത്രാദുരിതം
മുക്കണ്ടം ഉമ്മൻകാല ഭാഗങ്ങളിൽ നിന്ന് മഴവെള്ളം ധാരാളമായി അടിപ്പാലം ഭാഗത്തേക്ക് ഒഴുകി എത്താറുണ്ട്. തുടർച്ചയായി മഴപെയ്താൽ ഈ ഭാഗത്ത് ഊറ്റ്ജലവും എത്തും. പാലത്തിൽ നിന്ന് കോതേത്ത് റോഡിന്റെ വശത്തുള്ള ഓടയിലേക്ക് വെള്ളം പൂർണമായി ഒഴുകി ചെല്ലാത്തതിനാലാണ് വെള്ളം കെട്ടി നിൽക്കുന്നത്.
എഴുകോൺ ജംഗ്ഷനിലേക്ക് എത്തുന്നതിനുള്ള പ്രധാന കവാടങ്ങളിൽ ഒന്നാണ് അടിപ്പാലം ഭാഗം. എഴുകോൺ ഗവ.എൽ പി എസിലേക്കുള്ള കുട്ടികളുടെയും പ്രധാന സഞ്ചാര പാതയാണ് ഇത്.വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രക്കാർ ഓടി മാറിയാണ് ചെളിവെള്ളം തെറിക്കാതെ നോക്കുന്നത്.
കാട് മൂടി പാതയോരവും ഓടയും
റെയിൽവേ അടി പാലത്തിൽ നിന്ന് കോതേത്ത് ഭാഗത്തേക്കുള്ള പോക്കറ്റ് റോഡിന്റെ ഓരത്താണ് ഓട. ഈ ഓടയും പാതയോരവും പുല്ലും കുറ്റിച്ചെടികളും വളർന്നു മൂടിയിരിക്കുകയാണ്. വെള്ളം ഒഴുകി നീങ്ങുന്നതിന് അതും തടസമാണ്. വെള്ളക്കെട്ട് ഒഴിവാക്കി ഈ ഭാഗത്ത് യാത്ര സുഗമമാക്കണമെന്ന ആവശ്യം അധികൃതർ നിരന്തരം അവഗണിക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.