രക്ഷിച്ചത് സ്ഥാപന ഉടമ
കുന്നത്തൂർ: അഞ്ചാലുംമൂട്ടിൽ യുവതിയെ, അവർ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്ന ഭർത്താവ് അന്നുതന്നെ കാമുകിയെക്കൂടി കൊല്ലാൻ തീരുമാനിച്ചതിന് തടയിട്ടത് ഇയാൾ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ സഞ്ജയ് പണിക്കർ.
കല്ലുവാതുക്കൽ സ്വദേശിയായ ജിനുവാണ് (35) കഴിഞ്ഞ ദിവസം ഭാര്യ രേവതിയെ (39) കുത്തിക്കൊന്നത്. സംഭവശേഷം മുതുപിലാക്കാട് സ്വദേശിയായ കാമുകിയെ കൂടി കൊല്ലാനുള്ള പദ്ധതിയുമായാണ് ഭരണിക്കാവിലെത്തിയത്. രാത്രി 10.30ഓടെ ജിനു സഞ്ജയ് പണിക്കരെ വിളിച്ച്, 'ഞാൻ കമ്പനിയിലുണ്ട്, രേവതിയെ കുത്തിക്കൊന്നു' എന്ന് പറഞ്ഞു. പാഞ്ഞെത്തിയ അദ്ദേഹം കണ്ടത് രക്തത്തിൽ കുളിച്ച വസ്ത്രവും ധരിച്ച് കൈയിൽ കത്തിയുമായി നിൽക്കുന്ന ജിനുവിനെയായിരുന്നു. കാമുകിയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോകാൻ ശ്രമിച്ച ജിനുവിനെ അദ്ദേഹം തടഞ്ഞു. വാഹനത്തിന്റെ താക്കോൽ മാറ്റി, 'നിനക്ക് പോകണമെങ്കിൽ പോകാം, പക്ഷേ ഇത്രയും നാൾ നിനക്ക് അന്നം തന്ന എന്നെ കൊന്നിട്ട് വേണം പോകാൻ'- സഞ്ജയ് പറഞ്ഞു. തുടർന്ന് ജിനു തറയിൽ ഇരുന്നു. ഈ സമയം സഞ്ജയ് ശൂരനാട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ശൂരനാട്, അഞ്ചാലുംമൂട് പൊലീസ് എത്തി ജിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രണയ വിവാഹം
കാസർകോട് സ്വദേശിയായ രേവതിയും ജിനുവും 15 വർഷം മുമ്പ് ആലുവയിലാണ് കണ്ടുമുട്ടുന്നത്. പ്രണയം വിവാഹത്തിലെത്തി. ഭരണിക്കാവിലെ സ്വകാര്യ സ്ഥാപനത്തിൽ സൈൻബോർഡ് മേക്കറായി ജോലി ചെയ്തിരുന്ന ജിനു ശാന്ത സ്വഭാവിയായിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായുള്ള ബന്ധമാണ് വിഷയങ്ങളുടെ തുടക്കം. ഭാര്യയുമായുള്ള കലഹം പതിവായി. മർദ്ദനത്തെ തുടർന്ന് രേവതി മക്കളുമായി ഭർത്താവിന്റെ കുടുംബ വീട്ടിലേക്ക് മടങ്ങി. പിന്നീട് അഞ്ചാലുംമൂട്ടിൽ ഹോം നഴ്സായി ജോലി ആരംഭിച്ചു. കുട്ടികളെ കാണാൻ ജിനു അനുവദിക്കാതിരുന്നതിനെ തുടർന്ന്, പൊലീസ് ഇടപെടലോടെ മാസത്തിൽ ഒരു ദിവസം അവരെ കാണാൻ രേവതിക്ക് അനുമതി ലഭിച്ചു.
കാമുകിയോട് പക
വിദേശത്ത് ജോലിക്ക് പോകാൻ തീരുമാനിച്ച കാമുകി, ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് ജിനുവിനെ തകർത്തു. ജോലി ഉപേക്ഷിച്ച് ഭരണിക്കാവിൽ നിന്ന് മാറി. പിന്നീട് ആത്മഹത്യാശ്രമം. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ചികിത്സയിൽ. ഭാര്യയെയും കുട്ടികളെയും കാണണമെന്ന് ആവശ്യപ്പെട്ടതോടെ രേവതി കുട്ടികളുമായി ആശുപത്രിയിലെത്തി. ജിനുവിന്റെ നെഞ്ചിൽ കാമുകിയുടെ പേര് പച്ചകുത്തിയിരിക്കുന്നത് കണ്ട് രേവതി ക്ഷുഭിതയായി. ഇതോടെ പ്രശ്നങ്ങൾ വീണ്ടും തുടങ്ങി. ഒന്നര മാസം മുമ്പ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ നിർമ്മാണ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. തന്റെ ജീവിതം തകർത്ത ഭാര്യയെയും കാമുകിയെയും കൊല്ലുമെന്ന് സഹപ്രവർത്തകരോട് ഇയാൾ ആവർത്തിച്ചു. ആരും ഇത് കാര്യമായി എടുത്തിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച ജിനു ജോലിക്ക് എത്തിയെങ്കിലും കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. രേവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോ അറിയിച്ചതിനെ തുടർന്നുണ്ടായ സംശയരോഗവും വിഷയം രൂക്ഷമാക്കി.
കുത്തിയത് ആറു തവണ
ജൂലായ് 31ന് രാത്രി എത്തിയ ജിനു, ഗേറ്റിൽ തട്ടി വിളിച്ചതിനെ തുടർന്ന് അവർ ഇറങ്ങിവന്നു. ഉടൻ വഴക്കായി. കത്തികൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ രേവതി ഓടി. ജിനു പിന്തുടർന്ന് വീടിന് പിന്നിൽ വച്ച് ആറ് തവണ കുത്തി. വീട്ടുകാർ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഈ ദാരുണ സംഭവം അനാഥരാക്കിയത് രണ്ട് കുട്ടികളെയാണ്.