എഴുകോൺ : എഴുകോൺ ദേശീയപാതയിൽ ഇടതുവശം ചേർന്നു പോയാൽ ചെളി അഭിഷേകം ഉറപ്പ്. പാതയോരത്ത് അങ്ങിങ്ങായി വെള്ളം കെട്ടിനിൽക്കുന്നതാണ് കാരണം.
എഴുകോണിനും ചീരങ്കാവിനും ഇടയിൽ നാലിടത്താണ് റോഡിനോട് ചേർന്ന് വെള്ളം കെട്ടിനിൽക്കുന്നത്. കല്ലും പുറത്തും ചീരങ്കാവ് സർവീസ് സ്റ്റേഷന് സമീപത്തുമാണ് വലിയ വെള്ളക്കെട്ടുകൾ .എഴുകോൺ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിനോട് ചേർന്നും ചീരങ്കാവ് റെയിൽവേ സ്റ്റേഷന് മുന്നിലും ആർ മാർട്ടിന് സമീപത്തുമാണ് മറ്റ് വെള്ളക്കെട്ടുകൾ.
അപകടസാദ്ധ്യത വർദ്ധിക്കുന്നു
ദേശീയപാതയിൽ വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും വെള്ളക്കെട്ട് ഒഴിവാക്കാൻ വലത്തേക്ക് വെട്ടിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. കല്ലുംപുറത്താണ് ഇത് വലിയ ഭീഷണിയാകുന്നത്. കൊടുംവളവ് ഭാഗത്താണ് ഇവിടുത്തെ വെള്ളക്കെട്ട്. വലിയ വാഹനങ്ങൾ ചെളിവെള്ളം തെറിപ്പിച്ച് തന്നെ കടന്നുപോകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നു.
ദേശീയപാതയോരത്തെ ഈ വെള്ളക്കെട്ടുകൾ അടിയന്തരമായി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.