കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് എണ്ണയും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്ന ദൗത്യത്തിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരടങ്ങിയ 20 അംഗ സംഘം കൊല്ലത്തെത്തി. പത്തുപേർ ഇന്നലെ രാവിലെ 8.40 ഓടെ ടഗ്ഗിൽ കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ മടങ്ങിയെത്തി.
ഇന്ന് രാവിലെ ഏഴോടെ പത്തുപേരടങ്ങുന്ന ആദ്യസംഘം വീണ്ടും പുറപ്പെടും. സാൽവേജ് ഓപ്പറേഷനെ സഹായിക്കാനായി സിംഗപ്പൂർ കപ്പൽ അപകട സ്ഥലത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇന്നലെ ഈ കപ്പലിൽ കയറാൻ വിദഗ്ദ്ധ സംഘം ശ്രമിച്ചെങ്കിലും കടൽ പ്രക്ഷുബ്ധമായതിനാൽ അടുത്തേക്ക് എത്താനായില്ല. ഇന്ന് സംഘം കപ്പലിൽ പ്രവേശിക്കാനാകും ആദ്യം ശ്രമിക്കുക. ഇതിന് ശേഷമാകും കടലിൽ മുങ്ങി കപ്പൽ പരിശോധിക്കുക. ഉച്ചയ്ക്ക് ശേഷം രണ്ടാമത്തെ സംഘവും ദൗത്യസ്ഥലത്തേക്ക് എത്തും.
പ്രതിസന്ധികളില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ എണ്ണ നീക്കൽ ആരംഭിക്കാനാണ് സാദ്ധ്യത. അതിന് ശേഷം കണ്ടെയ്നറുകൾ നീക്കും. കപ്പലിൽ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കുകളിൽ നിറച്ച് കൊല്ലം പോർട്ടിലെത്തിക്കും. വീണ്ടെടുക്കാനായാൽ കണ്ടെയ്നറുകളും കൊല്ലം പോർട്ടിലെത്തിക്കും. മുംബയ് ആസ്ഥാനമായ മെർക്ക് എന്ന സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്. സത്യം ഷിപ്പിംഗ്സ് ആൻഡ് ലോജിസ്റ്റിക്സാണ് കൊല്ലം പോർട്ടിലെ ഏജന്റ്.
ആദ്യമായി ഐ.സി.പി പൂർണതോതിൽ
ലീസ് ലൈൻ, എമിഗ്രേഷൻ സെർവർ എന്നിവ ഉപയോഗിച്ച് കൊല്ലം പോർട്ടിലെ എമിഗ്രേഷൻ ഓഫീസിൽ എമിഗ്രേഷൻ നടപടി ഇന്നലെ ആദ്യമായി പൂർണതോതിൽ നടന്നു. സാൽവേജ് ഓപ്പറേഷൻ സംഘത്തിന് തുടർച്ചയായി എമിഗ്രേഷൻ നടത്തേണ്ടതിനാൽ ചെക്ക് പോയിന്റിൽ എല്ലാവിധ സൗകര്യങ്ങളും പോർട്ട് അധികൃതർ ഒരുക്കുകയായിരുന്നു.
സാൽവേജ് ഓപ്പറേഷൻ സംഘത്തിനുള്ള എല്ലാ സൗകര്യങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പിന്നിൽ ദിവസങ്ങളോളം നീണ്ട കഠിനാദ്ധ്വാനമുണ്ട്. കൊല്ലം പോർട്ട് കൂടുതൽ സജീവമാവുകയാണ്.
ക്യപ്ടൻ അശ്വനി പ്രതാപ്,
കൊല്ലം പോർട്ട് ഓഫീസർ