ccc
തോട്ടം മുക്കിൽ പൈപ്പ് പൊട്ടി റോഡിൽ രൂപപ്പെട്ട ഗർത്തം

കൊട്ടാരക്കര : തൃക്കണ്ണമംഗൽ തോട്ടം മുക്ക് കോടതിക്ക് സമീപം ആർ.ആർ. ബേക്കറിക്കു മുൻവശം പൈപ്പ് പൊട്ടി റോഡിൽ അഗാധ ഗർത്തം രൂപപ്പെട്ടു. റോഡിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് പൈപ്പ് പൊട്ടി റോഡ് തകരുകയും വെള്ളം പരന്നൊഴുകുകയും ചെയ്തത്. നാട്ടുകാർ ഉടൻ തന്നെ വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറോളം കഴിഞ്ഞാണ് പൈപ്പ് ഓഫ് ചെയ്തതെന്ന് പരിസരവാസികൾ ആരോപിച്ചു. അഞ്ചു വർഷം മുൻപ് മുറിച്ചു മാറ്റിയ ഒരു മരത്തിന്റെ ഉണങ്ങാത്ത വേരുകൾ പൈപ്പിൽ തട്ടിയതാകാം പൊട്ടലിന് കാരണമെന്ന് കരുതുന്നു. ശക്തമായ വെള്ളച്ചാട്ടത്തിൽ റോഡിലുണ്ടായിരുന്ന ടൈലുകളും ടാറും മെറ്റലുമെല്ലാം തെറിച്ചുപോയി. ഏകദേശം രണ്ടടി താഴ്ചയിൽ ഇവിടെ വലിയൊരു ഗർത്തം രൂപപ്പെട്ടു. വെള്ളം പരന്നൊഴുകിയതിനാൽ കുഴി കാണാൻ കഴിയാതെ അതുവഴി വന്ന രണ്ടു പേർക്കാണ് ഈ കുഴിയിൽ വീണ് പരിക്കേറ്റത്. അധികൃതരുടെ അനാസ്ഥയിൽ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.