കൊല്ലം: സി.എസ്.ഐ കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത് ബിഷപ്പായി കൊല്ലം ആയൂർ അസുര മംഗലം സി.എസ്.ഐ സഭാംഗവും കൊല്ലം കത്തീഡ്രലിലെ വികാരിയുമായ റവ. ജോസ് ജോർജിനെ നിയുക്ത ബിഷപ്പായി പ്രഖ്യാപിച്ചു. സഭയുടെ ആസ്ഥാനമായ ചെന്നൈയിലെ സിനഡ് സെക്രട്ടേറിയേറ്റ് ഓഫീസിൽ നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ദക്ഷിണേന്ത്യാ സഭയുടെ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. കെ.റൂബൻ മാർക്ക് തിരുമേനിയാണ് പ്രഖ്യാപിച്ചത്. മാതൃമഹായിടവകയായ ദക്ഷിണകേരള മഹായിടവക വിഭജിച്ച് 2015 ഏപ്രിൽ 9 ന് രൂപീകൃതമായ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായ റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പിന്റെ പിന്തുടർച്ചയായാണ് പുതിയ ബിഷപ്പിന്റെ നിയമനം. കേരളത്തിലെ ആറ് മഹായിടവകയിൽ ഒന്നാണ് കൊല്ലം-കൊട്ടാരക്കര മഹായിടവക. അതിന്റെ പ്രാദേശിക ബിഷപ്പാണ് ചുമതലയേൽക്കുന്ന നിയുക്ത റവ. ജോസ് ജോർജ്.
അസുരമംഗലം ജോസ് കോട്ടേജിൽ പരേതനായ കെ.ജെ.ജോർജിന്റെയും ഗ്രേസിയുടെയും മകനായി 1970 മേയ് 31ന് ജനിച്ചു. 2006 ൽ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുകയും ചെയ്തു. അഞ്ചൽ ഗവ. സ്കൂൾ, വാളകം എം.ടി.എച്ച്.എസ്.എസ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ്, ആറ്റിങ്ങൽ ഗവ.കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കണ്ണമ്മൂല വൈദിക സെമിനാരിയിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി.
തലവൂർ, കരവാളൂർ, മിതിർമല, പവിത്രേശ്വരം തുടങ്ങിയ സഭകളിൽ സുവിശേഷകനായും മുഖത്തല, കുണ്ടറ, പട്ടാഴി, ആറ്റിങ്ങൽ, മയ്യനാട് തുടങ്ങിയ ഇടവകകളിൽ വൈദിക സേവനവും അനുഷ്ഠിച്ചു. കുണ്ടറ ബി.ബി ഹോസ്പിറ്റൽ ചാപ്ലെയിൻ, ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്കൂൾ ബർസാർ, വിവിധ ബോർഡുകളുടെ സാരഥ്യവും സി.എസ്.ഐ സിനഡ് മെമ്പറായും ദക്ഷിണ കേരള മഹായിടവകയിലും കൊല്ലം-കൊട്ടാരക്കര മഹായിടവകയിലും സേവനം അനുഷ്ഠിച്ചു. നിലവിൽ സി.എസ്.ഐ കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ വൈദിക സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. കെ.സി.സി, ഡി.സി.സി, ബൈബിൾ സൊസൈറ്റി തുടങ്ങിയ വിവിധ സഭാ ഐക്യ പ്രസ്ഥാനങ്ങളിലും അംഗമായിരുന്നു.