kanal
വലതുകര കനാലിന്റെ ഭിത്തിയിൽ വലിയ മരങ്ങളും കാടുകളും വളർന്ന് നിൽക്കുന്ന ചിത്രം .

പുനലൂർ: കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി ഗുരുതരമായ തകർച്ച നേരിടുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലൂടെ 350 കിലോമീറ്റർ ദൂരത്തിലാണ് കനാൽ വഴി വെള്ളം എത്തുന്നത്. പത്തനംതിട്ടയിലെ വള്ളിക്കോട് പോലുള്ള ഗ്രാമപഞ്ചായത്തുകളിലെ നെൽക്കൃഷിയും കുടിവെള്ള ലഭ്യതയും ഈ പദ്ധതിയെ ആശ്രയിച്ചാണ്. കനാലുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തത് കാർഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും വലിയ ഭീഷണിയായി മാറുകയാണ്. കല്ലട ജലസേചന പദ്ധതിയുടെ ഇടത്, വലത് കര കനാലുകളുടെ തീരങ്ങളിൽ മരങ്ങൾ വളർന്ന് വേരുകളിറങ്ങിയും കാട്ടുപടർപ്പുകൾ നിറഞ്ഞും നാശോന്മുഖമായിരിക്കുന്നു. കനാലുകളുടെ നവീകരണത്തിനോ, തകരാർ പരിഹരിക്കാനോ, ചോർച്ച ഒഴിവാക്കാനോ കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.

ഫണ്ട് ഒന്നിനും തികയുന്നില്ല

തൊഴിലുറപ്പ് പദ്ധതിയിൽ തോട്, മറ്റ് ജല സ്രോതസുകൾ വൃത്തിയാക്കുന്നുണ്ട്. അതേ പ്രാധാന്യം തന്നെയാണ് കനാലിനും ഉള്ളത്. എന്നാൽ അവഗണിക്കപ്പെടുകയാണ്. ജലവിഭവ വകുപ്പിന് കനാൽ ജലവിതരണ കാലയളവിൽ ഫണ്ടിന് വലിയ പരിമിതിയുണ്ട്. ഒരു കോടി രൂപയുടെ പ്രോജക്ട് വെച്ചാൽ പോലും 50 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്, ഇത് മെയിന്റനൻസ് വർക്കുകൾക്ക് പോലും തികയുന്നില്ല. അടിയന്തര അറ്റകുറ്റപ്പണികൾക്കും (കനാലിന്റെ ലൈനിംഗ്, ലീക്കേജ്) മാത്രമാണ് നിലവിൽ ഫണ്ട് അനുവദിക്കുന്നത്.

തകർച്ചയും കൈയ്യേറ്റവും

കനാലിന്റെ തീരങ്ങൾ വ്യാപകമായി കൈയ്യേറി കൃഷി ചെയ്യുന്നതും തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. പദ്ധതിയിലെ മിക്ക അക്വിഡക്റ്റുകളും തകർന്ന നിലയിലാണ്, ഇത് ജലവിതരണ സമയത്ത് വൻതോതിൽ വെള്ളം പാഴാക്കുന്നതിന് കാരണമാകുന്നു. ചില അക്വിഡക്റ്റുകളും കനാൽ പാലങ്ങളും ഏത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. കനാലുകളുടെയും അക്വിഡക്റ്റുകളുടെയും ചോർച്ച കാരണം, 4 മീറ്റർ ഉയരത്തിൽ വെള്ളം തുറന്നുവിട്ടാൽ പോലും 50 സെന്റീമീറ്റർ വെള്ളമേ വിദൂര സ്ഥലങ്ങളിലെ കനാലുകളിൽ എത്തുന്നുള്ളൂ.

പരിഹാരങ്ങൾ

1 . പഞ്ചായത്തുകളിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് കനാൽ ശുചീകരണത്തിന് സർക്കാർ തയ്യാറാകണം. തൊഴിലുറപ്പ് പദ്ധതിയിൽ തോടുകൾക്കും മറ്റ് ജലസ്രോതസുകൾക്കും നൽകുന്ന അതേ പ്രാധാന്യം കനാലുകൾക്കും നൽകണം.

2. കനാൽ ലൈനിംഗ്, ചോർച്ച പരിഹരിക്കൽ, മെയിന്റനൻസ് വർക്കുകൾ എന്നിവയ്ക്കായി ആവശ്യമായ ഫണ്ട് അനുവദിക്കണം. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നവീകരണം നടത്തണം.

3. കനാൽ തീരങ്ങളിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കനാലിന്റെ സംരക്ഷണം ഉറപ്പാക്കണം.

4. 600 കോടി രൂപയിൽ ആരംഭിച്ച് 1300 കോടി രൂപയിൽ പൂർത്തീകരിക്കാൻ പറ്റാതെ പാതിവഴിയിൽ നിറുത്തിയ കല്ലട ജലസേചന പദ്ധതി പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.