കൊല്ലം: കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ കൊല്ലത്തെ പ്രമുഖ നേതാക്കൾ ഡൽഹിയിലേക്ക്. രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലെ എം.പിമാരുമായും തുടർന്ന് ഹൈക്കാമൻഡ് തലത്തിലും നടക്കുന്ന പുനഃസംഘടനാ ചർച്ചകളിൽ തങ്ങളുടെ പേര് നിലനിറുത്താനും തിരുകി കയറ്റാനുമാണ് ശ്രമം.
സംസ്ഥാനത്തെ മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി നിലവിലെ കെ.പി.സി.സി നേതൃത്വവും പ്രതിപക്ഷ നേതാവും ചർച്ച നടത്തി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് പേരുകളാണുള്ളതെന്നാണ് സൂചന. ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഒരു വിഭാഗം നേതാക്കളാണ് ഡൽഹിക്ക് പോയിരിക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനമെങ്കിലും ഉറപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ജില്ലയിൽ നിന്ന് നിലവിൽ ഒരു കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്രമാണുള്ളതെങ്കിലും പുനഃസംഘടനയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ കെ.പി.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങൾ ലക്ഷ്യമിട്ടും നീക്കങ്ങൾ ശക്തമാണ്.
ഇത്തവണ ഡി.സി.സി പ്രസിഡന്റുമാരെ ഗ്രൂപ്പിന് അതീതമായി തീരുമാനിക്കുമെന്നാണ് പറയുന്നത്. എന്നാൽ പ്രധാന നേതാക്കളുടെ സമ്മർദ്ദത്തിന് ഹൈക്കമാൻഡ് വഴങ്ങാൻ സാദ്ധ്യതയുണ്ട്. ഇതിന് പുറമേ സാമുദായിക സന്തുലനവും ഘടകമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഒരു മേഖലയായി കണക്കാക്കി സാമുദായിക ബാലൻസിംഗ് നടത്തുമെന്നാണ് വിവരം.
പ്രീണനം മാനദണ്ഡമാക്കരുത്
സംഘടനാ പ്രവർത്തനം നടത്താതെ നേതാക്കളെ മുഖം കാണിച്ച് പ്രീണിപ്പിക്കുന്നത് തൊഴിലാക്കിയവർക്ക് നേതൃസ്ഥാനങ്ങൾ നൽകി പാർട്ടിയെ തകർക്കരുതെന്ന ഫേസ് ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണുസുനിൽ പന്തളം.
പരാമർശങ്ങൾ
പുനഃസംഘടന ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുടെ തലയ്ക്കടിക്കുന്നതാകരുത്
ഖദർ ധരിച്ചെത്തി ഫോട്ടോക്ക് പോസ് ചെയ്യുന്നവരെ പരിഗണിക്കരുത്
ചെറുപ്പക്കാർക്ക് മുൻഗണന നൽകണം
നേതൃസ്ഥാനങ്ങളിൽ പിൻവാതിൽ നിയമനം അവസാനിപ്പിക്കണം
യു.ഡി.എഫിനെ പത്ത് വർഷം പ്രതിപക്ഷത്തിരുത്തിയത് പിൻവാതിൽ നിയമനം