തഴവ: പുതിയ ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ചതോടെ ഉൾനാടൻ റോഡുകളിൽ നിന്ന് ദേശീയപാതയിലേക്കുള്ള പ്രവേശനം ഗ്രാമവാസികൾക്ക് കഠിനമായി മാറി. ഒരു ഗ്രാമപഞ്ചായത്ത് പരിധിയിൽ കിഴക്കും പടിഞ്ഞാറുമുള്ള നിരവധി ഉൾനാടൻ റോഡുകളാണ് ദേശീയപാതയിലേക്ക് എത്തുന്നത്. കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ മാത്രം ഏതാണ്ട് ഇരുപതോളം ഉൾനാടൻ റോഡുകൾ ഇത്തരത്തിൽ ദേശീയപാതയുമായി സംഗമിക്കുന്നുണ്ട്.
യാത്രാദുരിതം രൂക്ഷം
അധികൃതരുടെ അനാസ്ഥ
ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുപ്പ് നടത്തിയ ഏജൻസി വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന ഉൾനാടൻ റോഡുകളുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അതത് ഗ്രാമപഞ്ചായത്തുകൾ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷവും ഇക്കാര്യത്തിൽ യാതൊരു വ്യക്തതയും വരുത്തുവാൻ അധികൃതർക്കായിട്ടില്ല. ഉൾനാടൻ റോഡുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ഗ്രാമവാസികൾ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഈ ദുരിതം അനുഭവിക്കുകയാണ്. വൃദ്ധരും രോഗികളും ഉൾപ്പെടെയുള്ളവർക്ക് ബസ് കയറാനായി റോഡിലേക്ക് കാൽനടയായി എത്തുന്നത് പോലും സ്വപ്നം കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
പ്രതിഷേധം ശക്തം , പരിഹാരം വേണം
പല സ്ഥലങ്ങളിലും സർവീസ് റോഡിനായി മാറ്റിവെച്ച സ്ഥലങ്ങളിൽ ടാറിംഗ് ആരംഭിച്ചിട്ടും ഉൾനാടൻ റോഡുകളെ പരിഗണിക്കാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സർവീസ് റോഡുകളുടെ നിർമ്മാണത്തിന് സമാന്തരമായി, ഗ്രാമീണ റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങൾക്ക് അടിയന്തര പരിഗണന നൽകി യാത്രാ സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ വിഷയത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണം.