കരുനാഗപ്പള്ളി: പുതിയകാവ്, പുത്തൻ തെരുവ് പ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഇത് ആളുകളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയിരിക്കുകയാണ്. രാത്രിയായാൽ നാട്ടുകാർ ഭയത്തോടെയാണ് നേരം വെളുപ്പിക്കുന്നത്. പുറത്ത് നേരിയ ശബ്ദം കേട്ടാൽ പോലും ഭയപ്പെടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടി മാരകായുധങ്ങളുമായി എത്തിയ സംഘം പുതിയകാവ് പാലത്തിൻകട ജംഗ്ഷന് സമീപം ഒരു വീട്ടിൽ അതിക്രമിച്ചു കയറി. അവിടെ വെച്ച് ഒരു യുവാവിനെ വടിവാൾ കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു.

മാരകായുധങ്ങളുമായി അക്രമികൾ

മാരക ലഹരി വസ്തുക്കൾ ഉപയോഗിച്ച്, മാരകായുധങ്ങളുമേന്തി തെരുവുകൾ കൈയടക്കുകയാണ് അക്രമി സംഘം. ഇവരുടെ അഴിഞ്ഞാട്ടം വഴിയാത്രക്കാരെയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിൽ സംഘടിച്ചെത്തുന്ന അക്രമികൾ പ്രദേശങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടുകയാണ് പതിവ്. ഈ സംഘത്തിൽ ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരും ഉണ്ട്. ഇവരെ എതിർക്കുന്നവരെ വടിവാൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭയത്താൽ ആരും ഒരക്ഷരം പോലും പറയാൻ ധൈര്യപ്പെടുന്നില്ല.

പൊലീസിന് വെല്ലുവിളി

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും അക്രമി സംഘം വാഹനങ്ങളിൽ രക്ഷപ്പെടും. ഇത് പൊലീസിന് ഏറെ തലവേദനയായി മാറിയിരിക്കുകയാണ്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മനസുവെച്ചാൽ ഇവരുടെ സങ്കേതങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. അക്രമി സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.