കൊല്ലം: ഓർമ്മശക്തിയിൽ മികവുകാട്ടിയ ഒൻപതാം ക്ളാസുകാരൻ ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വെണ്ടാർ പ്രതീക്ഷാഭവനിൽ ധാർമ്മിക് കൃഷ്ണയ്ക്കാണ് നേട്ടം. എസ്.പി.സി ക്യാമ്പിൽ വച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ശാന്തി സത്യന്റെ വാക്കുകളാണ് പ്രേരണയായത്. രണ്ടുമാസത്തെ പരിശീലനത്തിലൂടെ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. പ്രവാസിയായ മനുവിന്റെയും ആശയുടെയും മകനാണ്. സഹോദരൻ എം.കൗശിക് കൃഷ്ണ ബിരുദ വിദ്യാർത്ഥിയാണ്. ഇന്നലെ പുത്തൂർ എസ്.ഐ ടി.ജെ.ജയേഷും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ധാർമ്മിക്കിന്റെ വസതിയിലെത്തി അനുമോദിച്ചു.