cashew

കൊല്ലം: ഓണക്കിറ്റിൽ ഇക്കുറിയും കേരളാ സ്‌റ്റേറ്റ് കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്‌സിന്റെയും പരിപ്പ് രുചിക്കാം. ആറ് ലക്ഷത്തോളം പേർക്കുള്ള സൗജന്യ കിറ്റിൽ 447416 പായ്‌ക്കറ്റ് പരിപ്പ് കോർപ്പറേഷനും 1,52,000 പായ്‌ക്കറ്റ് കാപ്പെക്‌സുമാണ് തയ്യാറാക്കുന്നത്. കോർപ്പറേഷൻ 22.35 ടണ്ണും കാപ്പെക്‌സ് 7.6 ടണ്ണും പരിപ്പാണ് ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ ഓർഡർ ലഭിച്ചത് ഇരുസ്ഥാപനങ്ങൾക്കും ആശ്വാസകരമാണെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. ആഗസ്‌‌റ്റ് പകുതിയോടെ പായ്‌ക്കറ്റ് നിറയ്‌ക്കൽ ആരംഭിക്കും. ഗുണനിലവാരമാണ് കൊല്ലം പരിപ്പിനെ ജനപ്രിയമാക്കുന്നതെന്ന് കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപിള്ള, കോർപ്പറേഷൻ എം.ഡി സുനിൽ ജോൺ, കാപ്പെക്സ്‌ മാർക്കറ്റിംഗ് മാനേജർ കെ.സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.