കണ്ണനല്ലൂർ: കിഫ്ബിയുടെ ടൗൺ വികസന പദ്ധതി പ്രകാരം കണ്ണനല്ലൂർ ടൗൺ വികസനത്തിന് 51 കോടി രൂപ അനുവദിച്ചിട്ടും പാതിവഴിപോലും എത്താനാവാതെ കിതയ്ക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തിനും കെട്ടിടങ്ങൾക്കും കെട്ടിട ഭാഗങ്ങൾക്കുമെല്ലാം കൂടി 34 കോടിയോളം നഷ്ടപരിഹാര തുക കൈമാറിയിട്ട് 6 മാസം പിന്നിട്ടു.
റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടങ്ങളുടെ പൊളിക്കലാണ് ഇതുവരെ തുടങ്ങാത്തത്. വികസനം ഉടൻ എത്തുമെന്ന പേരിൽ, ടൗൺ ഏരിയയിൽപ്പെടുന്ന ഒരു റോഡു പോലും വർഷങ്ങളായി വേണ്ടവിധം ടാർ ചെയ്തിട്ടില്ല. കൊല്ലം ആയൂർ കുളത്തൂപ്പുഴ റോഡടക്കം അഞ്ചു പ്രധാന റോഡുകളാണ് കണ്ണനല്ലൂരിൽ സംഗമിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലുമുള്ളത്. പദ്ധതി സർക്കാർ പ്രഖ്യാപിച്ച ശേഷം രണ്ടു വർഷത്തിലേറെയായി ഇതാണ് റോഡുകളുടെ സ്ഥിതി. പരാതികൾ ഉയരുമ്പോൾ, കെ.എസ്.ടി.പിയോ പൊതുമരാമത്ത് വകുപ്പോ ഈ ഭാഗങ്ങളിൽ മാത്രം അറ്റകുറ്റപ്പണികൾ നടത്തി സ്ഥലം കാലിയാക്കും. തിരക്കേറിയ മേഖലയാണെങ്കിലും ഗതാഗത നിയന്ത്രണത്തിന് സ്ഥിരം പൊലീസോ സൂചനാ ബോർഡുകളോ ഇല്ല.
രാവിലെയും വൈകിട്ടും സ്‌കൂൾ, ഓഫീസ് സമയങ്ങളിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാവിലെ കുറച്ചു നേരത്തേക്ക് ഒരു പൊെലീസുകാരനെ കുറച്ചുനാളായി ഇവിടെ നിയോഗിക്കുന്നുണ്ട്. എന്നാൽ വൈകുന്നേരമോ മറ്റുസമയങ്ങളിലോ ട്രാഫിക് നിയന്ത്രണത്തിന് ട്രാഫിക് വാർഡൻ പോലും ഉണ്ടാവില്ല. അതിനാൽ ഗതാഗത നിയമലംഘനവും ടൗണിൽ സ്ഥിരം കാഴ്ചയാണ്. ബൈക്കുകളിൽ രണ്ടിലധികം പേരുമായി വിദ്യാർത്ഥികൾ അപകടകരമാംവിധം ചീറിപ്പായുന്നത് പതിവാണ്.
അശാസ്ത്രീയ പാർക്കിംഗ്
ടൗണിൽ അശാസ്ത്രീയ പാർക്കിംഗും വ്യാപകമാണ്. റോഡ് മറികടക്കാൻ ഒരിടത്തുപോലും സീബ്രാലൈൻ ഇല്ല. കൊല്ലത്തുനിന്ന് വരുന്ന വാഹനങ്ങൾ അപകടകരമാം വിധമാണ് ട്രാഫിക് തെറ്റിച്ച് ജംഗ്ഷനിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് തിരിയുന്നത്. കണ്ണനല്ലൂർ ജംഗ്ഷന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത് തുക കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
ജംഗ്ഷൻ വികസനം സാദ്ധ്യമാകാത്തതിനാൽ ഉണ്ടായിരുന്ന സൗകര്യങ്ങളും നഷ്ടപ്പെട്ട അവസ്ഥ
കച്ചവടക്കാരും നാട്ടുകാരും വലയുന്നു
പല കടകളും പൂർണമായും അടഞ്ഞുകിടന്നിട്ട് നാലുമാസത്തിലേറെ
എന്നാൽ ഇതുവരെ കടകളുടെ പൊളിക്കൽ നടന്നിട്ടുമില്ല
പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള കെ.ആർ.എഫ്.ബിക്ക് നിർമ്മാണ ചുമതല
അധികൃതരുടെ മെല്ലെപ്പോക്കാണ് പദ്ധതി തുടങ്ങാൻ തടസം
തുകയെല്ലാം സർക്കാർ അനുവദിച്ചു. എന്നാൽ കടകൾ പൊളിക്കുന്നതടക്കമുള്ള പ്രവൃത്തികൾ ആരംഭിക്കുന്നില്ല. എല്ലാം ഉടൻ തുടങ്ങുമെന്ന സ്ഥിരം പല്ലവി കേട്ട് മടുത്തു
നാട്ടുകാർ