കൊല്ലം: ഇരവിപുരത്തുകാർക്ക് ശല്യമായി മാറിയ കള്ളൻ, വഞ്ചിക്കോവിൽ ശ്രീശരവണ ക്ഷേത്രത്തിലെ രണ്ടാം മോഷണ ശ്രമത്തിനിടെ സി.സി ടി.വി ക്യാമറയിൽ കുടുങ്ങി. ആളെ തിരിച്ചറിഞ്ഞ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
മുണ്ടയ്ക്കൽ ലക്ഷ്മിനഗർ-271ൽ റീന ഹൗസിൽ സഫറിൻ (67) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ ഇയാൾ രണ്ട് വഞ്ചികൾ കൂടി കുത്തിത്തുറന്ന് പണം അപഹരിച്ചു. രണ്ട് ദിവസം മുൻപ് ഇവിടെ മോഷണം നടന്നിരുന്നു. അന്ന് പൊട്ടിച്ചത് കൂടാതെ മറ്റ് രണ്ട് വഞ്ചികൾ കൂടി പ്രതി നോക്കിവച്ചിരുന്നു. ഇന്നലെ അതാണ് തുറന്നത്. ഇയാൾ വരുന്നതും മതിൽ ചാടി തിരികെ പോകുന്നതുമൊക്കെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു. ആദ്യ മോഷണ സമയം ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറ തകരാറിലായിരുന്നു. തുടർന്നണ് അറ്റകുറ്റപ്പണി നടത്തി ക്യാമറ പ്രവർത്തന സജ്ജമാക്കിയത്. മിന്നായം പോലെ മാത്രമേ സഫറിന്റെ മുഖം തെളിഞ്ഞിട്ടുള്ളു. വഞ്ചിക്കോവിൽ ക്ഷേത്രത്തിന്റെ മുൻ സെക്രട്ടറി ദീപുവും മറ്റ് ഭരണസമിതി അംഗങ്ങളും ചേർന്ന് സഫറിനെ കണ്ടെത്തി ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിക്കുന്ന പണം മദ്യപിക്കാനാണ് ചെലവഴിച്ചിരുന്നതെന്നും വഞ്ചിയിൽ നിന്ന് ലഭിച്ച നാണയത്തുട്ടുകൾ കുഴിച്ചിട്ടിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. കാവിൽപ്പുര ബി.എസ്.എ ഓഡിറ്റോറിയത്തിനു മുന്നിലെ തട്ടിൽ നാടൻ ഊണ് പൊതി വിൽക്കുന്നതാണ് ഉച്ച നേരത്തെ തൊഴിൽ. ഊണ് തയ്യാറാക്കുന്ന വീട്ടിൽ നിന്നാണ് സഫറിനെ ഇവിടെ വില്പനയ്ക്കായി നിയോഗിച്ചിരുന്നത്. അവർക്ക് ഇയാളുടെ മോഷണ സ്വഭാവം അറിയില്ലായിരുന്നു. സി.ഐ രാജീവിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
ഏറെനാളായി പ്രദേശത്ത് മോഷണങ്ങളും മോഷണ ശ്രമങ്ങളും പതിവായിരുന്നു. നാട്ടുകാർ സംഘടിച്ച് കള്ളനെ കുടുക്കാൻ രംഗത്തിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇരവിപുരം പൊലീസ് സ്റ്റേഷന്റെ മുന്നൂറ് മീറ്റർ ചുറ്റളവ് കേന്ദ്രീകരിച്ചായിരുന്നു മോഷ്ടാക്കളുടെ വിഹാരം. രാത്രികാല പൊലീസ് പട്രോളിംഗും ഫലപ്രദമായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതാണ് മോഷ്ടാക്കൾക്ക് തുണയായതും.