പുനലൂർ: ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലും പ്രവേശന കവാടം ഇടിഞ്ഞുതാഴുന്ന നിലയിലുമാണ്. ഇത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ അപകടഭീഷണിയുയർത്തുന്നു. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തെ സംരക്ഷണഭിത്തി പലയിടത്തും ഇതിനകം തകർന്നുവീണിട്ടുണ്ട്.
ദിവസവും നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്കായി എത്തുന്ന ഗവ. ആയുർവേദ ആശുപത്രിയിലേക്കും യു.ഐ.ടി സെന്ററിലേക്കുമുള്ള വിദ്യാർത്ഥികളും പ്രവേശിക്കുന്ന റോഡിലേക്കാണ് മതിലിന്റെ കല്ലുകൾ ഇടിഞ്ഞുവീഴുന്നത്.
പരിഹാരം കാണാതെ അധികൃതർ
സ്കൂളിന്റെ പ്രധാന കവാടം ഇടിഞ്ഞു താഴ്ന്നതിനാൽ കഴിഞ്ഞദിവസങ്ങളിൽ ഈ ഭാഗം അടച്ചിട്ടിരിക്കായിരുന്നു, എന്നാൽ ഇതുവരേയും കവാടത്തിനുണ്ടായ തകർച്ച പരിഹരിച്ചില്ല. സ്കൂളിന്റെ ചുറ്റുപാട് കാട് മൂടി കിടക്കുന്നു. കുട്ടികൾ ബസ് കാത്തുനിൽക്കുന്ന ദേശീയ പാതയൊരത്ത് ചെളി നിറഞ്ഞതും അപകട ഭീഷണി ഉയർത്തുന്നു. അപകാടാവസ്ഥ സ്കൂൾ അധികൃതരുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹാരം ഉണ്ടാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന മുഴുവൻ പ്രശ്നങ്ങളും പരിഹരിച്ചില്ലെങ്കിൽ എ.ഐ.എസ്.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും.
ഷമീജ് കഴുതുരുട്ടി
മണ്ഡലം പ്രസിഡന്റ്