കൊല്ലം: ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ

എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻ ബാർ അസോസിയേഷൻ പ്രസിഡന്റും സ്ഥാനാർത്ഥിയുമായിരുന്ന ധീരജ് രവി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് നാഗരേഷിന്റെ നടപടി.
കേരളാ ബാർ കൗൺസിൽ, കൊല്ലം ബാർ അസോസിയേഷൻ വരണാധികാരി, മത്സരിച്ച മറ്റ് സ്ഥാനാർത്ഥികൾ എന്നിവരാണ് എതിർകക്ഷികൾ.
ഒൻപതംഗ ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ എട്ട് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ധീരജ് രവി മത്സരിച്ച മൂന്നാം സീറ്റിൽ എതിർ സ്ഥാനാർത്ഥി ബി.അനൂപുമായി വോട്ടെണ്ണലിൽ സമനിലയിൽ എത്തുകയും റീക്കൗണ്ടിങ്ങിൽ ഒറ്റ വോട്ടിന് അനൂപ് ജയിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നു. വരണാധികാരി നേരിട്ട് റീക്കൗണ്ടിംഗിന് മേൽനോട്ടം വഹിച്ചില്ല, വലിയ തോതിൽ കള്ള വോട്ട് നടന്നു എന്നിങ്ങനെയാണ് ഹർജിയിലെ ആരോപണങ്ങൾ.
അഭിഭാഷകരായ അഖിൽ സുരേഷ്, ബി.കല്യാണി കൃഷ്ണ, എം.ജെ.അമൃത്, അനീറ്റ എലിസബത്ത് ബാബു, ടി.രാഹുൽ എന്നിവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.