കൊല്ലം: തീരം കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയുന്നതിന്റെ ഭാഗമായി തീരമേഖലയിലും ബോട്ടുകളിലും പൊലീസ് മിന്നൽ പരിശോധന നടത്തി. നിരവധി ബോട്ടുകളുടെ രേഖകൾ പരിശോധനയ്ക്കായി ശേഖരിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പിന് കൈമാറി.
ഞായറാഴ്ച രാത്രി 8 മുതൽ 12 മണി വരെ കൊല്ലത്തെ പ്രധാന ഹാർബറുകളായ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മൂന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരും അഞ്ച് പൊലീസ് ഇൻസ്‌പെക്ടർമാരും 67 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങിയ എട്ട് സംഘങ്ങളാണ് പരിശോധന നടത്തിയത്. നിയമപരമല്ലാത്ത മത്സ്യബന്ധനം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത്, അനുവദനീയമല്ലാത്ത വയർലെസ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗം, ബോട്ടുകളുടെ രജിസ്‌ട്രേഷൻ രേഖകൾ, ജീവനക്കാരുടെ വിവരങ്ങൾ തുടങ്ങിയവയാണ് പരിശോധിച്ചത്.
164 ബോട്ടുകളിൽ പരിശോധന നടത്തി. ജീവനക്കാർ ഏറെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുന്നതിന് ബോട്ടുടമകൾക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.