esi-road
പോച്ചംകോണം ഇ. എസ്. ഐ പാതയുടെ നവീകരണം തുടങ്ങിയതിന് പിന്നാലെ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു.

എഴുകോൺ : പോച്ചംകോണം അറുപറക്കോണം ഇ.എസ്.ഐ. റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചതോടെ പാതയോരത്തെ കുടിവെള്ള പൈപ്പുകൾ വ്യാപകമായി തകരാൻ തുടങ്ങി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ കടന്നുപോകുന്നതിന് റോഡ് ഒരുക്കുന്നതിനിടെയാണ് പൈപ്പുകൾ പൊട്ടിത്തുടങ്ങിയത്. ജലവിതരണ പൈപ്പുകൾ സുരക്ഷിതമായ ആഴത്തിലല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ഏറെ നാളായി ടാറും മെറ്റലും ഇളകി പൂർണ്ണമായും ഗതാഗതയോഗ്യമല്ലാതായ ഇ.എസ്.ഐ പാത ബി.എം.സി നിലവാരത്തിലാണ് നവീകരിക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്താണ് ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. ഗവ.ടെക്നിക്കൽ സ്കൂൾ, പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം, ഇ.എസ്.ഐ ആശുപത്രി, നെടുംബായിക്കുളം കോട്ടക്കുഴി പള്ളി, ഇടയ്ക്കോട് എന്നിവിടങ്ങളിലേക്കുള്ള റോഡ് ശൃംഖലയാണ് ഈ സമഗ്ര പദ്ധതിയിലൂടെ നവീകരിക്കുന്നത്.

യന്ത്രശക്തി കൂടിയ ഹൈടെക് ഉപകരണങ്ങളാണ് ബി.എം.സി നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഉപരിതലം ഉറപ്പിക്കുന്നതിനും ടാറിങ്ങിനും വൈബ്രേറ്റർ റോളറും പേവറും ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ സമ്മർദ്ദം താങ്ങാനാകാതെ പൈപ്പുകൾ കൂടുതലായി പൊട്ടാൻ സാദ്ധ്യതയുണ്ട്.

പൈപ്പുകൾ സുരക്ഷിതമാക്കണം

ഹൈടെക് നിലവാരത്തിൽ റോഡ് നിർമ്മാണം തുടങ്ങും മുമ്പ് കുടിവെള്ള പൈപ്പുകൾ സുരക്ഷിതമായ ആഴത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം ഈ പ്രദേശങ്ങളിൽ ജലവിതരണം താറുമാറാകും. അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് റോഡ് നിർമ്മാണത്തിനും തടസമുണ്ടാക്കും. നിർമ്മാണം പൂർത്തീകരിച്ച ശേഷം പൈപ്പുകൾ പൊട്ടുന്നത്, ഉന്നത നിലവാരത്തിലുള്ള റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനും ഇടയാക്കും. റോഡിന്റെ നിലവാരത്തിനും സുരക്ഷയ്ക്കും അനുസൃതമായി ഗുണമേന്മയുള്ള പൈപ്പുകൾ സുരക്ഷിത ആഴത്തിൽ സ്ഥാപിച്ചാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.

പൈപ്പുകൾ പൊട്ടുന്നത് കുടിവെള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഭാവിയിലും റോഡിനും ജലവിതരണത്തിനും ദോഷം വരാത്ത നിലയിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കണം.

എം.പി.മനേക്ഷ

സി.പി.എം എഴുകോൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി.