ചവറ : പൊതുവിദ്യാഭ്യാസ വകുപ്പ് അടുത്തിടെ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനുവിലെ പല വിഭവങ്ങളും പന്മനയിലെ ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നത് സ്കൂളിന് അഭിമാനമായി. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ വെജിറ്റബിൾ ഫ്രൈഡ് റൈസ്, വെജിറ്റബിൾ കുറുമ, ലെമൺ റൈസ് തുടങ്ങിയ വിഭവങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് നൽകി വരുന്നുണ്ട്.
പോഷകാഹാരം ഉറപ്പാക്കാൻ തനത് പദ്ധതി
പുതിയ മെനുവിൽ ഉൾപ്പെടുത്തിയ അവൽ വിളയിച്ചത്, ഇലയട, റാഗിബാൾസ്, സേമിയ പായസം, മില്ലറ്റ് പായസം തുടങ്ങിയവ സ്കൂളിലെ സായാഹ്ന ഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകിവരുന്നവയാണ്. കിണ്ണത്തപ്പം, തെരളിയപ്പം എന്നിവയും ആഴ്ചയിൽ രണ്ട് ദിവസം ചക്ക വിഭവങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്. കുട്ടികളിലെ പോഷകാഹാര ലഭ്യത ഉറപ്പാക്കാനും നല്ല ആരോഗ്യശീലങ്ങൾ വളർത്താനും സ്കൂൾ നൂൺമീൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ തനത് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയായിരുന്നു.
മൂന്ന് നേരം ഭക്ഷണം നൽകിയ ആദ്യ സ്കൂൾ
സംസ്ഥാനത്ത് ആദ്യമായി മൂന്ന് നേരം ഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കിയ ഈ സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും പ്രത്യേക അഭിനന്ദനം ലഭിച്ചിരുന്നു. പി.ടി.എ., എസ്.എം.സി., പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രധാനാദ്ധ്യാപിക ഗംഗാദേവി, പി.ടി.എ. പ്രസിഡന്റ് അജി, വൈസ് പ്രസിഡന്റ് ആനന്ദ് കുമാർ, എസ്.എം.സി. ചെയർമാൻ പന്മന മഞ്ചേഷ്, നൂൺമീൽ ടീച്ചർ കോർഡിനേറ്റർ വിളയിൽ ഹരികുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഉപജില്ലാ നൂൺമീൽ ഓഫീസർ കെ. ഗോപകുമാറും ഇവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.