കൊല്ലം: സിനിമ നിർമ്മാതാവ് കെ.രവീന്ദ്രനാഥൻ നായരുടെ (അച്ചാണി രവി) സ്മരണയ്ക്കായി കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി (കൊല്ലം ഫാസ്) ഏർപ്പെടുത്തിയ അച്ചാണി രവി കാരുണ്യ അവാർഡ് 2025ന് ഗോപിനാഥ് മുതുകാട് അർഹനായി. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കും സംസ്ഥാന തലത്തിലും വിദേശത്തും ഏറ്റവും കൂടുതൽ വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് പുരസ്‌കാരം നൽകുന്നത്. 25001 രൂപയും പ്രശസ്തി ഫലകവുമാണ് അവാർഡ്. 23ന് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കെ.രവീന്ദ്രനാഥൻ നായരുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ വൈകിട്ട് 5.30ന് കൈതപ്രം ദാമോദരൻ നമ്പൂതിരി അവാർഡ് നൽകുമെന്ന് ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായരും സെക്രട്ടറി പ്രദീപ് ആശ്രാമവും അറിയിച്ചു.