vvv
മടത്തറ അരിപ്പയിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ

കുളത്തുപ്പുഴ: തിരുവനന്തപുരം-തെങ്കാശി അന്തർ സംസ്ഥാന പാതയിലും സമീപ പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാരും കർഷകരും ദുരിതത്തിൽ. കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്, മയിൽ, ചെന്നായ, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങൾ കൂട്ടമായി വനത്തിൽ നിന്നിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്. ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണെടുത്ത് കൃഷി ചെയ്യുന്നവർ ഇപ്പോൾ ജപ്തി ഭീഷണി നേരിടുകയാണ്.

ഹൈവേയിൽ അപകടങ്ങൾ വർദ്ധിക്കുന്നു

ശംഖിലി, പൊന്മുടി, ശെന്തുരുണി വനമേഖലകളിൽ നിന്ന് കല്ലടയാർ നീന്തിക്കടന്ന് ഹൈവേ മുറിച്ചുകടക്കുമ്പോഴാണ് മിക്കവാറും സമയങ്ങളിൽ അപകടങ്ങളുണ്ടാകുന്നത്. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. നിലവിലുള്ള പാലോട് റാപ്പിഡ് റെസ്പോൺസ് ടീമിന് ഈ ഭാഗത്തേക്ക് എത്തിച്ചേരാൻ ദൂരക്കൂടുതൽ കാരണം ബുദ്ധിമുട്ടുണ്ട്.

ആർ.ആർ.ടി കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യം

വന്യമൃഗശല്യം ഏറെയുള്ള ശാസ്താനട, പൊട്ടാമാവ് ഉൾപ്പെടെയുള്ള ആദിവാസി ഉന്നതികൾ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് വേങ്കോല്ല സെക്ഷൻ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന് അടിയന്തരമായി ഒരു ആർ.ആർ.ടി

കേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആർ.ആർ.ടി

സേവനം വന്നാൽ ഒരു പരിധി വരെ വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാൻ കഴിയുമെന്ന് പെരിങ്ങമ്മല, ചിതറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയസിംഗ്, പ്രിജിത്ത് അരളീവനം എന്നിവർ പറഞ്ഞു.

കാട്ടുപോത്ത് ആക്രമണം: കുടുംബത്തിന് പരിക്ക്

കഴിഞ്ഞ ദിവസം മടത്തറ അരിപ്പയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുളത്തുപ്പുഴ മൂക്കാൽസെന്റ് സ്വദേശികളായ ജീപ്പ് ഡ്രൈവർ ഷരീഫ്, ഭാര്യ ഹസീന, മക്കളായ ഷാഹിൻ, ഷെഹീൻ, ഭാര്യാ മാതാവ് നജീമ എന്നിവർക്ക് പരിക്കേറ്റു. ശരീഫിന്റെ കാലിനും നജീമയുടെ കൈയ്ക്കും പൊട്ടലുണ്ടായി. പരിക്കേറ്റവർ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും.

തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാനവാസ്