anil-kumar

പടി. കല്ലട: ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പടി. കല്ലട കൂരല്ലൂർ വീട്ടിൽ കെ.ജി.അനിൽകുമാറാണ് (43) മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനും കാരാളിമുക്കിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ തിരിച്ചറിയാൻ പറ്റാത്ത വിധം നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

ശാസ്താംകോട്ട പൊലീസ് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായ അനിൽകുമാറിനെ അന്വേഷിച്ച ബന്ധുക്കൾ വൈകിട്ട് മൂന്നോടെ പൊലീസിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് അജ്ഞാത മൃതദേഹത്തെ കുറിച്ച് പൊലീസ് അറിയിച്ചത്. ശരീരത്തിലെ അടയാളങ്ങളും ധരിച്ചിരുന്ന വസ്ത്രവും ചെരിപ്പും കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ആശ. മക്കൾ: അഭിഷേക് (15) അർച്ചന (13).