kalsanada-
സുഖ ചികിത്സ കഴിഞ്ഞു ക്ഷേത്രത്തിൽ എത്തിയ പനയന്നാർ കാവ് കാളിദാസനെ മേൽശാന്തി സുധാംശു നമ്പൂതിരി ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നു

വടക്കുംതല : പത്ത് വർഷം മുൻപ് പനയന്നാർകാവ് ഭഗവതിക്ക് ഭക്തർ നടയ്ക്കിരുത്തിയ കൊമ്പൻ കാളിദാസൻ സുഖചികിത്സ കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തി. മേൽശാന്തി സുധാംശു നമ്പൂതിരി, സഹ ശാന്തി അനൂപ് എന്നിവർ ചേർന്ന് ആരതി ഉഴിഞ്ഞ് പ്രസാദം നൽകി കാളിദാസനെ സ്വീകരിച്ചു. പനയന്നാർ കാവ് ദേവസ്വം പ്രസിഡന്റ് എസ്. മുരളീധരൻ പിള്ള, സെക്രട്ടറി ജി. ശിവപ്രസാദ്, ഭരണസമിതി അംഗങ്ങൾ, ഗജരാജസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ കാളിദാസനെ സ്വീകരിക്കാനെത്തിയിരുന്നു. ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ പാൽ പായസ വിതരണവും നടന്നു. മീനഭരണി ഉത്സവം കഴിഞ്ഞ് ആനത്തറിയിൽ തളച്ചിരുന്ന കാളിദാസൻ നാലു മാസമായി ഡോ. ബിനു ഗോപിനാഥ്, ഡോ. സാജൻ എന്നിവരുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്നു. പാപ്പാൻ ശിവരാമൻ മരിച്ചതിനു ശേഷം അയ്യപ്പനാണ് ആനയെ പരിചരിക്കുന്നത്. തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന ലക്ഷണമൊത്ത ആനകളിൽ ഒന്നായിരുന്നു ശാന്തനായ പനയന്നാർ കാവ് കാളിദാസൻ.