കണക്ടറുകൾ വാങ്ങാൻ പണം തേടി ഗ്രാമപഞ്ചായത്ത് അംഗം
തഴവ: കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷൻ ഓഫീസ് പരിധിയിൽ സ്ട്രീറ്റ് മെയിൻ കേബിൾ സ്ഥാപിച്ചതിനെത്തുടർന്ന് കുലശേഖരപുരം പഞ്ചായത്തിലെ കറുങ്ങപ്പള്ളി വാർഡിന്റെ കിഴക്കൻ മേഖലയിൽ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായി. ഒരു ട്രാൻസ്ഫോർമർ പരിധിയിലുള്ള തെരുവുവിളക്കുകൾ ഒരു സുരക്ഷിത കേബിൾ ഉപയോഗിച്ച് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. പുതിയ സ്ട്രീറ്റ് മെയിൻ പദ്ധതിയുടെ പ്രയോജനം പ്രധാന പോസ്റ്റുകളിൽ നിന്ന് മാറി ഉൾനാടൻ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾക്ക് ലഭിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ഈ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ എ.ബി. ടൈപ്പ് കേബിൾ ഉപയോഗിച്ചുള്ള കണക്ടറുകൾ ആവശ്യമാണ്, ഇത് അതത് ഗ്രാമ പഞ്ചായത്തുകളാണ് വാങ്ങി നൽകേണ്ടത്.
കൈയ്യൊഴിഞ്ഞ് പഞ്ചായത്തുകൾ
കുലശേഖരപുരം പഞ്ചായത്തിൽ സ്ട്രീറ്റ് മെയിൻ കേബിൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ അതിനുവേണ്ടി പണം ചെലവഴിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. പഞ്ചായത്തിലെ കറുങ്ങപ്പള്ളി വാർഡിന്റെ കിഴക്കൻ മേഖലകൾ കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷൻ ഓഫീസ് പരിധിയിലാണ്. പദ്ധതി പ്രദേശത്തിന് പുറത്ത് പണം ചെലവാക്കാനാകില്ലെന്ന് തഴവ ഗ്രാമ പഞ്ചായത്തും, നടപ്പാക്കിയിട്ടില്ലാത്ത പദ്ധതിക്ക് പണം നൽകാനാകില്ലെന്ന് കുലശേഖരപുരം ഗ്രാമ പഞ്ചായത്തും നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമായി. അതോടെ കണക്ടറുകൾ വാങ്ങാൻ പണം തേടി ഗ്രാമപഞ്ചായത്ത് അംഗം നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്.