കൊല്ലം: ഇത്തവണയും ഓണത്തിന് ഓരോ വീട്ടിലും വിളവെടുക്കാം, ഒരുമുറം നിറയെ പച്ചക്കറികൾ. പയറും വെണ്ടയും വെള്ളരിയും പാവലുമെല്ലാം അടുക്കളത്തോട്ടങ്ങളിൽ നാമ്പിട്ട് തുടങ്ങി. വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
ഇതുവരെ നാല് ലക്ഷം തൈകളും ഒരുലക്ഷം വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്തു. കൃഷിഭവൻ വഴി സൗജന്യമായാണ് കർഷകർക്ക് ലഭ്യമാക്കിയത്. വെണ്ട, ചീര, പയർ, പാവൽ, പച്ചമുളക് തുടങ്ങിയ അഞ്ചിനം വിത്തുകളും തക്കാളി, വഴുതന, വെള്ളരി എന്നിങ്ങനെ മൂന്നിനം സങ്കരയിനം തൈകളുമാണ് വിതരണം ചെയ്തത്. കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ തുടങ്ങിയ വിഭാഗങ്ങളെ ഒരുമിപ്പിച്ച് ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഉത്സവ സീസണിൽ പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിധിവരെ ഇതിലൂടെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്. സമഗ്ര പച്ചക്കറി ഉത്‌പാദനയജ്ഞം പദ്ധതിയുടെ ഭാഗമായാണ് 'ഓണത്തിന് ഒരു മുറം പച്ചക്കറി' നടപ്പാക്കുന്നത്.
ഇതളിട്ട് അടുക്കളത്തോട്ടങ്ങൾ
പച്ചക്കറി കൃഷിക്ക് തുടക്കമായി
കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക
വിഷരഹിത പച്ചക്കറി ഉത്പാദനം കാര്യക്ഷമമാക്കുക
കുടുംബങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തുക
ഓണക്കാലത്തെ വിലക്കയറ്റം തടയുക
വിപണിയിൽ ലഭ്യത ഉറപ്പാക്കുക
വിതരണം ചെയ്തത്
തക്കാളി പച്ചമുളക് വെണ്ട വഴുതന പാവൽ ചീര പയർ വെള്ളരി
ജില്ലയിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുള്ള വലിയൊരു ജനകീയ ക്യാമ്പയിനാണ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി. ഹൈബ്രിഡ് തൈകളും വിത്തുകളും വിതരണം ചെയ്തതിലൂടെ കൂടുതൽ വിളവും ലഭിക്കും.
കൃഷിവകുപ്പ് ഉദ്യോഗസ്ഥർ