ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കും

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ റെയി​ൽവേ മേൽപ്പാലം (ആർ.ഒ.ബി) നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കാൻ വിദഗ്ദ്ധ സമിതി കളക്ടർക്ക് നൽകി​യ ശുപാർശയുടെ അടി​സ്ഥാനത്തി​ൽ ജി​ല്ലാ ഭരണകൂടം കരട് വി​ജ്ഞാപനം ഉടൻ പുറപ്പെടുവി​ക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ ഏകദേശ വിവരങ്ങളടങ്ങിയതാവും കരട് വിജ്ഞാപനം.

സ്ഥലമേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ, നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയുടെ പ്രതിനിധി, സാമൂഹ്യാഘാത പഠനം നടത്തിയ ഏജൻസിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധൻ, കിഫ്ബിയുടെ പ്രതിനിധി, ആർ.ഒ.ബിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രദേശത്തെ രണ്ട് കൗൺസിലർമാർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് ശുപാർശ. സമിതി രണ്ട് തവണ യോഗം ചേർന്ന് രൂപരേഖയും സാമൂഹ്യഘാത പഠന റിപ്പോർട്ടും പരിശോധിച്ചതിനൊപ്പം സ്ഥലവും സന്ദർശിച്ച ശേഷമാണ് ഭൂമി ഏറ്റെടുക്കാൻ ശുപാർശ നൽകിയത്.

സ്ഥലം ഏറ്റെടുക്കലിനുള്ള കരട് വിജ്ഞാപനം വരുന്നതിന് പിന്നാലെ ഏറ്റെടുക്കുന്ന ഭൂമിയുടെയും നഷ്ടമാകുന്ന കെട്ടിടങ്ങളുടെയും വില കണക്കാക്കി നഷ്ടപരിഹാര പാക്കേജും തൊഴിൽ നഷ്ടമാകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് പുനരധിവാസ പാക്കേജും തയ്യാറാക്കും. തുടർന്ന് സർക്കാർ പണം അനുവദിക്കുന്നതിന് പിന്നാലെ നഷ്ടപരിഹാരം കൈമാറി സ്ഥലം ഏറ്റെടുക്കും. മറ്റു തടസങ്ങൾ ഉണ്ടായി​ല്ലെങ്കി​ൽ ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടൽ.

എസ്.എൻ കോളേജ് ആർ.ഒ.ബി

 10.2 മീറ്റർ വീതി
 7.5 മീറ്റർ ക്യാരേജ് വേ
 1.5 മീറ്റർ നടപാത

 427 മീറ്റർ നീളം

ലെവൽക്രോസുകൾ അടയ്ക്കാൻ റെയിൽവേ

ലെവൽക്രോസുകൾ ഘട്ടംഘട്ടമായി അടയ്ക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. ട്രെയിനുകളുടെ വേഗം കൂട്ടുകയും ചെലവ് കുറയ്ക്കുകയുമാണ് ലക്ഷ്യം. പോളയത്തോട്ടിൽ ആർ.ഒ.ബി വരുന്നതോടെ എസ്.എൻ കോളേജ് ലെവൽക്രോസ് അടയ്ക്കാൻ സാദ്ധ്യതയുണ്ട്. ചിന്നക്കട എസ്.എം.പി റെയിൽവേ ഗേറ്റ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സമ്മർദ്ദം ചെലുത്തുകയാണ്.