xxx
കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏല

കൊട്ടാരക്കര: മലയാളികളുടെ മുഖ്യ ആഹാരം എല്ലാക്കാലത്തും ചോറ് തന്നെ. എന്നാൽ ചോറിനോടുള്ള പരിഗണന നെല്ലിനോടോ അതിന്റെ കൃഷിയോടെ ഇല്ല. ഒരു കാലത്ത് വയലേലകൾ നിറഞ്ഞ കേരളം ഇന്ന് സ്വന്തം ആവശ്യങ്ങൾക്കുള്ള അരിയുടെ വലിയൊരു ഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. നെൽകൃഷിയെ സംരക്ഷിക്കാൻ സർക്കാരും കൃഷിവകുപ്പും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, മലയാളികൾക്ക് എന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും.

നെൽപ്പാടങ്ങൾ അപ്രത്യക്ഷം

കൊട്ടാരക്കര താലൂക്കിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉണ്ടായിരുന്നത് കരീപ്രയിലെ തളവൂ‌ക്കോണം പാട്ടുപുരയ്ക്കൽ ഏല (65 ഏക്കർ), മടന്തകോട് ഏല (54 ഏക്കർ), വാക്കനാട് കുന്നിൻവട്ടം ഏല (52 ഏക്കർ) എന്നിവിടങ്ങളിലാണ്. കർഷകരുടെ കഠിനാധ്വാനം കാരണം ഇപ്പോഴും ഇവിടെ നെൽക്കൃഷി നിലനിൽക്കുന്നു. എന്നാൽ, കൊട്ടാരക്കരയിലെ തൃക്കണ്ണമംഗൽ നെയ്ച്ചിറ ഏല, പറയാട്ട് ഏല എന്നിവയിൽ ഉണ്ടായിരുന്ന ഏകദേശം 200 ഏക്കർ പാടശേഖരങ്ങളിൽ ഇന്ന് രണ്ടര ഏക്കറിൽ മാത്രമാണ് കൃഷിയുള്ളത്. പുത്തൂർ ആറ്റുവാശ്ശേരിയിലെ 100 ഏക്കർ വയലിൽ ഒരേക്കറിൽ മാത്രമാണ് കൃഷി. ബാക്കിയുള്ള പാടങ്ങളിൽ തെങ്ങും, മരച്ചീനിയും, വാഴയും പോലുള്ള കരകൃഷികളാണ് ചെയ്യുന്നത്. പുത്തൂർ കണിയാപൊയ്ക പ്രദേശത്തും നെല്ലിന് പകരം വാഴയും മരച്ചീനിയുമാണ് പ്രധാന കൃഷി.

കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ

  1. കൃഷിവകുപ്പിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വേണ്ടത്ര സഹായമോ സംരക്ഷണമോ ലഭിക്കുന്നില്ല
  2. കൃഷിയിറക്കി വിളവെടുത്ത നെല്ല് വാങ്ങാൻ ആരും എത്താറില്ല. സപ്ലൈകോ നെല്ല് ഏറ്റെടുത്താലും പണം ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കണം. ഇത് അടുത്ത കൃഷി ഇറക്കുന്നതിന് തടസമാകുന്നു.
  3. പണ്ടുകാലത്ത് കൊയ്ത്തിന് തൊഴിലാളികൾ ധാരാളമായി എത്തിയിരുന്നു. ഇന്ന് കൊയ്ത്തിന് ആളെ കിട്ടാൻ ബുദ്ധിമുട്ടാണ്.
  4. നാളികേര വികസന കോർപ്പറേഷൻ, റബർ ബോർഡ്, കോഫി ബോർഡ് തുടങ്ങിയവയെപ്പോലെ നെൽകൃഷിയെ സംരക്ഷിക്കാൻ ഒരു കോർപ്പറേഷനോ ബോർഡോ ഇല്ല.
  5. പാടശേഖരങ്ങൾ മണ്ണിട്ടു മൂടുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചെങ്കിലും, കരകൃഷിയുടെ പേരിൽ ഭൂമി തരംമാറ്റുന്നത് പതിവായിരിക്കുകയാണ്.
  6. നെൽകൃഷി നഷ്ടമാണെന്ന തെറ്റായ പ്രചാരണങ്ങളും ഇഷ്ടികക്കളങ്ങൾക്ക് മണ്ണെടുക്കാൻ പാടങ്ങൾ വിട്ടുകൊടുക്കുന്നതും നെൽകൃഷി കുറയാൻ കാരണമാകുന്നു.