ccc
അഞ്ചൽ പഞ്ചായത്ത് കോമളം ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് മുറിച്ച് ഗാർഹിക ഗുണഭോക്താക്കൾക്ക് കണക്ഷൻ നൽകാൻ എടുത്ത കുഴികൾ മൂടാത്ത നിലയിൽ

അഞ്ചൽ : അഞ്ചൽ പഞ്ചായത്ത് നാലാം വാർഡിലെ വടമൺ ഭാഗത്തെ കോമളം സബ്‌ സ്‌റ്റേഷൻ , തെക്കേ മലപ്പുറം പ്രദേശങ്ങളിൽ റോഡ് മുറിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ജലജീവൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ സ്ഥാപിച്ച റോഡിന്റെ വശങ്ങൾ മണ്ണിട്ട് മൂടിയെങ്കിലും ഗാർഹിക കണക്ഷനുകൾക്ക് റോഡ് മുറിച്ച കുഴികളാണ് ഇനിയും വാരിക്കുഴികളായി യാത്രക്കാർക്ക് ഭീഷണിയാകുന്നത്.സൈക്കിൾ ഉൾപ്പടെയുള്ള ടൂ വീലറുകൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.

അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ നാട്ടുകാർ പലപ്പോഴും കുഴികളിൽ മണ്ണിട്ട് മൂടാറുണ്ട്. എന്നാൽ, മഴ പെയ്യുമ്പോൾ മണ്ണ് ഒലിച്ചുപോയി കുഴികൾ പഴയ അവസ്ഥയിലാകുന്നു. രണ്ട് വർഷം മുൻപ് നവീകരിച്ച റോഡാണ് ഇപ്പോൾ വെട്ടിപ്പൊളിച്ചിരിക്കുന്നത്.

രാജേന്ദ്രൻ പാലാഴി

വ്യാപാരി

പൈപ്പിട്ട ശേഷം മൂടാതെ കിടക്കുന്ന കുഴികൾ കാരണം അതിരാവിലെയുള്ള പത്രവിതരണവും ദുരിതത്തിലാണ്. കുഴികൾ കാരണം വേഗത കുറച്ച് ബൈക്കിൽ യാത്ര ചെയ്യവെ നായയുടെ കടിയേറ്റ സംഭവമുണ്ടായി.

ജി. അരവിന്ദൻ

കേരളകൗമുദി

ഏരൂർ ഏജന്റ്

റോഡ് കുഴിച്ചുമൂടാത്ത വിഷയത്തിൽ ജല അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടാകുന്നത്. ഈ റൂട്ടിലെ തെരുവുവിളക്കുകൾ തെളിയാത്തതും രാത്രിയാത്ര കൂടുതൽ അപകടകരമാക്കുന്നു.

ജി. അനിരുദ്ധൻ

അഞ്ചൽ ഏജന്റ്