ആലപ്പുഴ തുമ്പോളിയിൽ ജനിച്ച സാനുമാഷ് കുട്ടിക്കാലം മുതൽ ജാതി വിവേചനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിൽ ശ്രീനാരായണഗുരുദേവനും അദ്ദേഹത്തിന്റെ ദർശനങ്ങളും നിർണായക സ്വാധീനം ചെലുത്തിയത്. മനസിൽ എന്നും ഗുരുസ്ഥാനത്ത് ശ്രീനാരായണ ഗുരുദേവനായിരുന്നു.
ഗുരുദേവനെ കുറിച്ച് ഏറ്റവും ആഴത്തിലുള്ള ജീവചരിത്രങ്ങളിലൊന്ന് സാനുമാഷിന്റേതാണ്. ഗുരുദേവന്റെ നവോത്ഥാന ചിന്തകൾ കാലത്തിനനുസരിച്ച് നവീകരിച്ച് സമൂഹത്തിന് അദ്ദേഹം പകർന്നു. ആശാൻ കവിതകളിലെ അന്തഃസത്തയും അരിസ്റ്റോട്ടിലിന്റെ നാടക ദർശനങ്ങളും ഗ്രീക്ക് ട്രാജഡികളുമൊക്കെ അദ്ദേഹം പഠനവിധേയമാക്കി. അദ്ധ്യാപനവും സാഹിത്യവിമർശനവും പ്രസംഗവും എഴുത്തും അദ്ദേഹത്തിന് ലഹരിയായിരുന്നു. ഇത്രയധികം ജീവചരിത്ര ഗ്രന്ഥങ്ങൾ രചിച്ച ഒരു എഴുത്തുകാരൻ മലയാളത്തിലെന്നല്ല മറുഭാഷകളിലും ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം. ജീവചരിത്ര രചനയുടെ കാര്യത്തിൽ മാഷ് ഒരു അത്ഭുതമായിരുന്നു.
ജാതി-മത-വർഗ ചിന്തകൾക്ക് അതീതമായി എല്ലാവർക്കും നന്മ ചെയ്യാൻ മാഷ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. മാഷിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ദൃഷ്ടാന്തങ്ങളാണ് കൊച്ചിയിലെ കാൻസർ സെന്ററും ദീർഘകാല രോഗികളായ മൂവായിരത്തോളം കുട്ടികളെ സഹായിക്കുന്ന സൊലസ് സെന്ററും.
കൊല്ലത്ത് ഒരു വാരികയുടെ മുഴുവൻ സമയ പത്രാധിപരായിരിക്കെ അദ്ദേഹം സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ കൊല്ലത്തിന്റെ നിറസാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ എവിടെയും ഞങ്ങൾ പോകുമായിരുന്നു. ഓരോ പ്രസംഗവും സദസിനെ ആകർഷിക്കത്തക്കവിധം തീക്ഷ്ണവും ചിന്തനീയവും അറിവിന്റെയും നൂതനാശയങ്ങളുടെയും വിത്തുകൾ പാകാൻ ശേഷിയുള്ളതുമായിരുന്നു. അക്കാലത്ത് കൊല്ലത്ത് ശ്രീനാരായണ സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എന്ന പേരിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ (എം.എ ഇംഗ്ലീഷ്, എം.എ മലയാളം) നടത്തിയിരുന്നു. കുങ്കുമം വാരികയുടെ പത്രാധിപരായി കൊല്ലത്ത് ഉണ്ടായിരുന്ന കാലത്ത് എം.എ മലയാളം വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ വളരെ താല്പര്യത്തോടെ മാഷ് എത്തിയിരുന്നത് സ്നേഹപൂർവം ഓർക്കുന്നു.
അക്കാലത്ത് സി.ബി.എസ്.ഇ സ്കൂളുകൾ വിരളമായിരുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ശ്രീനാരായണ പബ്ലിക്ക് സ്കൂൾ തുടങ്ങുന്നതിന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്ന സമയത്ത് സി.ബി.എസ്.ഇ സ്കൂളുകൾക്ക് അനുവാദം കൊടുക്കേണ്ട എന്ന സംസ്ഥാന സർക്കാരിന്റെ പോളിസിയിൽ മാറ്റം ഉണ്ടാക്കാനും സാനുമാഷിന്റെ സഹായത്തോടെ അനുകൂല തീരുമാനം നേടിയെടുക്കുന്നതിനും സാധിച്ചു. അത് കൊല്ലത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ഉണ്ടാക്കിയ വിപ്ളവകരമായ മാറ്റം വളരെ വലുതാണ്. ശ്രീനാരായണ പബ്ലിക്ക് സ്കൂൾ വടക്കേവിള, ശ്രീനാരായണ പബ്ലിക്ക് സ്കൂൾ കിഴവൂർ, ശ്രീനാരായണ പബ്ലിക്ക് സ്കൂൾ ചാത്തന്നൂർ, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി, വടക്കേവിള, ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് പുത്തൂർ തുടങ്ങിയ കലാലയങ്ങൾ തുടങ്ങാൻ ഞങ്ങൾക്ക് പ്രചോദനമായി. എസ്.എൻ പബ്ലിക്ക് സ്കൂളിന്റെ ആദ്യ കെട്ടിടമായ പൽപ്പു ബ്ലോക്കിന്റെ ഉദ്ഘാടനം സാനുമാഷിന്റെ സാന്നിദ്ധ്യത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ചന്ദ്രശേഖരനായിരുന്നു നിർവഹിച്ചത്.
സാനു മാഷാണ് ശ്രീബുദ്ധ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് കോളേജായ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗ് എന്നീ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും പ്രചോദനമായി.
പതിനഞ്ചോളം സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും, ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻമാർ, പ്രശസ്തരായ ഡോക്ടർമാർ, എൻജിനിയർമാർ, ഇന്ത്യൻ സൈന്യത്തിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ബാങ്കിംഗ് മേഖലകളിലും മറ്റ് മേഖലകളിലും പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികൾ എന്നിവരെ സംഭാവന ചെയ്യാൻ സാധിച്ച ഈ കലാലയങ്ങൾ സാനുമാഷിനോട് കടപ്പെട്ടിരിക്കുന്നു.
( ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറിയും
ശ്രീബുദ്ധ ഫൗണ്ടേഷൻ ചെയർമാനുമാണ് ലേഖകൻ)