കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കരിക്കോട് മേൽപ്പാലത്തിലെക്കുള്ള കൽപ്പടവുകൾക്ക് തടസമായ കേബിളുകൾ നീക്കാൻ നടപടിയില്ല. ടി.കെ.എം എൻജിനീയറിംഗ് കോളേജ് റോഡിൽ നിന്ന് മേൽപ്പാലത്തിലേക്ക് നേരിട്ട് നടന്നു കയറാവുന്ന പടവുകൾക്ക് ഏറെ പഴക്കമുണ്ട്. മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തി കൈവരികൾക്ക് ഉയരംകൂട്ടിയപ്പോഴാണ് ടെലിഫോൺ കേബിൾ പടി കയറാൻ തടസമായത്.
കൽപ്പടവിന്റെ ഏറ്റവും മുകളിൽ കേബിൾ വട്ടം കിടക്കുന്നതിനാൽ പടി കടന്ന് റോഡിലേക്ക് കടക്കാനും തിരികെ ഇറങ്ങാനും ബുദ്ധിമുട്ടേണ്ട അവസ്ഥ. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന വഴിയാണ് നിലവിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായത്. റോഡിന്റെ മറുവശത്തും സമാന രീതിയിൽ നടന്നുകയറാൻ സംവിധാനമുണ്ട്. എന്നാൽ യാത്രക്കാർ ഉപയോഗിക്കുന്നത് അപൂർവമാണ്.
കൈവരികൾ തകർച്ചയിൽ
ദേശീയപാതയിൽ ചിന്നക്കട മുതൽ അമ്പലത്തുംകാല വരെയുള്ള ഭാഗത്ത് 19 കോടി രൂപയുടെ നവീകരണ ജോലികളാണ് 2019ൽ നടന്നത്. ഇതിന്റെ ഭാഗമായി കരിക്കോട് ജംഗ്ഷൻ മുതൽ ഷാപ്പ് മുക്കുവരെ മേൽപ്പാലത്തിന്റെ നവീകരണ ജോലികളും നടന്നു. സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തിയ ശേഷം 90 സെ.മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് കൈവരികൾ നിർമ്മിച്ചു. ഒന്നര മീറ്റർ വ്യത്യാസത്തിലാണ് കൈവരികൾ നിർമ്മിച്ചത്. വാഹനം ഇടിച്ചും മറ്റും ഇതിൽ ചിലത് തകർന്നത് പുനർ നിർമ്മിച്ചിട്ടില്ല. കൽപ്പടവുകളോട് ചേരുന്ന ഭാഗത്തെ കൈവരി കെട്ടിവച്ച നിലയിലാണ്.