കൊല്ലം: സാധാരണക്കാരന്റെ ജീവിതം ആവിഷ്കരിച്ച രചനകളായിരുന്നു നൂറനാട് ഹനീഫിന്റേതെന്ന് ഗാനരചയിതാവ് വയലാർ ശരത്ത്ചന്ദ്രവർമ്മ.നൂറനാട് ഹനീഫ് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ സംഘടിപ്പിച്ച നൂറനാട് ഹനീഫ് അനുസ്മരണ പ്രഭാഷണവും പുരസ്കാര ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു പുസ്തകം വായിക്കുമ്പോൾ ജീവിതത്തിലെ ഒട്ടേറെ രംഗങ്ങളിലൂടെ കടന്നുപോകാൻ വായനക്കാരന് കഴിയും. ഇത്തരത്തിൽ എഴുത്തിലൂടെ വായനക്കാരനെ സ്വാധീനിച്ച വ്യക്തിയാണ് നൂറനാട് ഹനീഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുസ്മരണ സമിതി ചെയർമാൻ ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനായി. പതിനഞ്ചാമത് നോവൽ പുരസ്കാരം ഫർസാനയ്ക്ക് വയലാർ ശരത്ത്ചന്ദ്രവർമ്മ
സമ്മാനിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് മുൻ സെക്രട്ടറി എം.വി.ബെന്നി നൂറനാട് ഹനീഫിന്റെ ഓർമ്മകൾ പങ്കുവച്ചു. അനുസ്മരണ സമിതി കൺവീനർ ജി.അനിൽകുമാർ, പുരസ്കാര ജേതാവ് ഫർസാന, അനുസ്മരണ സമിതി പബ്ലിസിറ്റി കൺവീനർ ആർ.വിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.