കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. നീലേശ്വരം ചാന്തൂർ വിജയഭവനിൽ ബിജിമോൾക്കാണ് (38) കുത്തേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി രതീഷിനെ (40) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 7ഓടെയാണ് സംഭവം. ഒരു വർഷമായി ഇരുവരും പിണങ്ങിക്കഴിയുകയും വിവാഹ ബന്ധം വേർപെടുത്താനുള്ള കേസ് നടന്നുവരികയുമാണ്. കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ബിജിമോൾ തിങ്കളാഴ്ച കടയിൽ നിന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീടിന് പിന്നിൽ നിന്ന് താക്കോൽ എടുക്കാനെത്തിയപ്പോഴാണ് മറഞ്ഞിരുന്ന രതീഷ് കത്തിയുമായി ചാടിവീണത്. ചുരിദാറിന്റെ ഷാളിൽ കുരുങ്ങി കത്തി തെറിച്ചുപോയെങ്കിലും അവിടെയുണ്ടായിരുന്ന റബർ ടാപ്പിംഗ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ബിജിമോൾ തടഞ്ഞതിനാൽ കൈയിലാണ് മുറിവേറ്റത്. സമീപത്തുണ്ടായിരുന്ന പിതാവും മകളും ഓടിയെത്തിയാണ് ബിജിമോളെ രക്ഷപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് അഞ്ച് തുന്നിക്കെട്ടുണ്ട്. നാട്ടുകാർ രതീഷിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. റിമാൻഡ് ചെയ്തു.