phot

പത്തനാപുരം: സംസ്ഥാന പാതയായ പുനലൂർ-മൂവാറ്റുപുഴ റോഡിൽ വാഹനങ്ങളുടെ അമിതവേഗത കാരണം അപകടങ്ങൾ വർദ്ധിക്കുന്നു. ആറുമാസം മുൻപ് റോഡ് നവീകരിച്ച് മോടിപിടിപ്പിച്ചതോടെയാണ് ഈ പാതയിലൂടെയുള്ള യാത്ര അപകടകരമായതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പാതയിൽ 28-ഓളം വാഹനാപകടങ്ങൾ നടന്നതായാണ് കണക്കുകൾ പറയുന്നത്. പത്തനാപുരം ജംഗ്ഷൻ, പിറവന്തൂർ, വാഴത്തോപ്പ്, മുക്കടവ്, നെല്ലിപ്പള്ളി, പുനലൂർ ബോയ്സ് ഹൈസ്കൂൾ ജംഗ്ഷൻ, ടി.ബി. ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്. ഈ ഭാഗങ്ങളിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന കൈവരികൾ പലതും നിയന്ത്രണം വിട്ടെത്തിയ വാഹനങ്ങൾ ഇടിച്ച് തകർത്തു.

അപകടങ്ങൾക്ക് കാരണം പലത്

അധികൃതരുടെ അലംഭാവം

പുനലൂർ, പത്തനാപുരം ആർ.ടി. ഓഫീസുകൾക്ക് മുന്നിലൂടെ പോലും വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നുണ്ടെങ്കിലും പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികാരികൾ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

റോഡിലെ പ്രശ്നങ്ങളും അപകടങ്ങളും പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് എട്ടുമാസം മുൻപ് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഈ വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.