കൊല്ലം: പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കാനും നൈപുണ്യ വികസനത്തിനും കാലോചിതമായ പദ്ധതികൾ നടപ്പാക്കുകയാണെന്ന് മന്ത്രി ഒ.ആർ.കേളു. പട്ടികവർഗ വികസന വകുപ്പും ചവറ ഐ.ഐ.ഐ.സിയും നടപ്പാക്കിയ തൊഴിൽ പരിശീലനകോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ വിഭാഗത്തിനെ മുഖ്യധാരയിലേക്ക് കൂടുതൽ ഉയർത്താനും സമഗ്രപുരോഗതിയും മുന്നിൽ കണ്ട് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 800ലധികം പട്ടികജാതി - വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ അവസരമൊരുക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ അദ്ധ്യക്ഷനായി.
പട്ടികവർഗ വികസന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ 118 വിദ്യാർത്ഥികൾക്ക് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് അഞ്ച് കോഴ്‌സുകളിൽ പരിശീലനം നൽകുകയാണ്. പരിശീലനം പൂർത്തിയാക്കിയ 97 പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണമാണ് മന്ത്രി നിർവഹിച്ചത്. ഐ.ഐ.ഐ.സി ഡയറക്ടർ ഡോ. ബി.സുനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ.രാഘവൻ, പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.ശശികുമാർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.