കരുനാഗപ്പള്ളി: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കുലശേഖരപുരം സ്വദേശികളായ താരിഖ് (22), സജാദ് (25), ആഷിക് (19) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 29ന് പുതിയകാവ് ടെർഫിന് മുന്നിൽ വെച്ച് ബൈക്കിലിരിക്കുകയായിരുന്ന അജ്മലിനെ സംഘം ചേർന്ന് ആക്രമിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഒരു വർഷം മുൻപ് താരിഖുമായി അജ്മലിനുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. അക്രമത്തിൽ പരിക്കേറ്റ അജ്മലിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, സുരേഷ് കുമാർ, എസ്.സി.പി.ഒ. ഹാഷിം, സി.പി.ഒ. മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. ഇതിൽ സജാദ് മുൻപ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണ്.