കുന്നത്തൂർ: ആഗസ്ത് ഒന്നു മുതൽ ഏറെ കൊട്ടിഘോഷിച്ച് ഭരണിക്കാവ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിക്കുകയും ദിവസങ്ങൾക്കുള്ളിൽ നിറുത്തലാക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു. ഇന്ന് മുതൽ ബസുകൾ സ്റ്റാൻഡിൽ കയറേണ്ടെന്ന നിലപാട് അംഗീകരിക്കില്ലെന്നും സ്വകാര്യബസുകൾ പൂർണമായും സ്റ്റാൻഡിൽ കയറുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുന്നത്തൂർ -കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അറിയിച്ചു. അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും സ്റ്റാൻഡിന്റെ പ്രവർത്തനത്തോട് സഹകരിച്ചിരുന്നു. മുൻകാലങ്ങളിൽ സ്റ്റാൻഡ് പ്രവർത്തിച്ചപ്പോഴും സ്വകാര്യ ബസുകൾ പൂർണമായും സഹകരിച്ചിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇതിനു വിരുദ്ധമായതോടെയാണ് തങ്ങളും സ്റ്റാൻഡിൽ കയറേണ്ടെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ സ്റ്റാൻഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊലീസിന്റെയും ഗതാഗതവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ സ്വകാര്യ ബസുകളും അനുസരിക്കുകയുണ്ടായി. സ്റ്റാൻഡിൽ കയറുന്ന ബസുകൾ തടയുമെന്ന ഒരു വിഭാഗത്തിന്റെ ഭീഷണി കാര്യമാക്കുന്നില്ലെന്നും നിയമപരമായി പോരാടുമെന്നും പൊലീസിനും മോട്ടോർ വാഹന വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകിയെന്നും പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ,സെക്രട്ടറി സഫാ അഷ്റഫ് എന്നിവർ അറിയിച്ചു.