al
ചെമ്പകക്കുട്ടിയ്ക്ക് അന്തിയുറങ്ങാൻ വീടായി.

പുത്തൂർ: ആരോരുമില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ചെറുപൊയ്ക പനാറുവിള വീട്ടിൽ ചെമ്പക്കുട്ടിക്ക് (62) അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടായി. ചെറുപൊയ്ക യുവം ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദേശം 1 ലക്ഷം രൂപ ചെലവഴിച്ചാണ് ഒറ്റമുറി വീട് നിർമ്മിച്ചത്. നാളെ രാവിലെ 8ന് പുത്തൂർ എസ്.ഐ. ടി.ജെ. ജയേഷ് വീട് കൈമാറും.

ഏക മകനും രണ്ട് സഹോദരങ്ങളും മരിച്ചതോടെയാണ് ചെമ്പക്കുട്ടിയുടെ ദുരിതകാലം തുടങ്ങുന്നത്. ടാർപ്പാളിൻ ഉപയോഗിച്ച് മറച്ച, നിലംപൊത്താറായ ഒരു കുടിലിലായിരുന്നു അവർ ഇതുവരെ കഴിഞ്ഞിരുന്നത്. മഴ പെയ്താൽ വീട് പൂർണമായും നനയുമായിരുന്നു. മുൻപ് പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചിരുന്നെങ്കിലും വസ്തുസംബന്ധമായ തർക്കങ്ങളെ തുടർന്ന് ആ പദ്ധതി മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യുവം ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ സഹായ ഹസ്തവുമായി എത്തിയത്. താമസിക്കാൻ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കിയ വീടാണിത്. പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് വാർഡ് അംഗവും ക്ലബ് രക്ഷാധികാരിയുമായ ബൈജു ചെറുപൊയ്ക, ക്ലബ് സെക്രട്ടറി ശിഖിൽ, വിജീഷ് എന്നിവർ അറിയിച്ചു.