കൊല്ലം: കൊല്ലം-കൊട്ടാരക്കര മഹായിടവക സി.എസ്.ഐ നിയുക്ത ബിഷപ്പ് റവ. ജോസ് ജോർജിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് രാവിലെ 9.30 ന് കൊല്ലം കത്തീഡ്രൽ ദേവാലയത്തിൽ ദക്ഷിണേന്ത്യ സഭ മോഡറേറ്റർ ഡോ. കെ.രൂബേൻ മാർക്കിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

കൊല്ലം ക്രേവൻ ഹൈസ്‌കൂൾ നിന്ന് ആരംഭിക്കുന്ന വൈദികരുടെയും മോഡറേറ്ററുടെയും നിയുക്തബിഷപ്പിന്റെയും ക്വയറിന്റെയും പ്രൊസഷൻ കത്തീഡ്രൽ ദേവാലായത്തിൽ പ്രവേശിച്ച് ശുശ്രൂഷ ആരംഭിക്കും. സിനഡ് ഭാരവാഹികളായ ജനറൽ സെക്രട്ടറി അഡ്വ. സി. ഫെർണാണ്ടസ് രത്തിന രാജ, ട്രഷറർ ഡോ. വിമൽ സുകുമാർ തുടങ്ങിയവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഇടയപരിപാലന അധികാരത്തിന്റെ അടയാളമായ മുദ്രമോതിരവും അംശവടിയും മോഡറേറ്റർ കൈമാറും. മോഡറേറ്ററും ബിഷപ്പുമാരും കൈവയ്പ്പിലൂടെ ഇടയപരിപാലന ശുശ്രൂഷയിലേക്ക് പുതിയ ബിഷപ്പിനെ അഭിഷേകം ചെയ്തത് കൈപിടിച്ചുയർത്തും. തുടർന്ന് പുതിയ ബിഷപ്പ് ജനത്തെ അഭിസംബോധന ചെയ്യും. വിശുദ്ധ സംസർഗശുശ്രൂഷയ്ക്കും പ്രാർത്ഥനാ ആശീർവാദത്തോടെയും ശുശ്രൂഷകൾ സമാപിക്കും.

ഉച്ചയ്ക്ക് ശേഷം കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സി.എസ്.ഐ മോഡറേറ്റർ ഡോ. കെ.രൂബേൻ മാർക്ക് അദ്ധ്യക്ഷനാകും മഹായിടവക ട്രഷറർ നിബു ജേക്കബ് വർക്കി സ്വാഗതം പറയും. സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആല‌ഞ്ചേരി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും.

വാർത്താസമ്മേളനത്തിൽ മഹായിടവക അൽമായ സെക്രട്ടറി എ.ദാനിയേൽ, ട്രഷറർ നിബു ജേക്കബ് വർക്കി, രജിസ്ട്രാർ ദിവ്യ.എം.ജോസ്, പാസ്റ്ററൽ ബോർഡ് സെക്രട്ടറി കെ.റോമോൻ, മിഷൻ ബോർഡ് സെക്രട്ടറി പോൾ ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.