കരുനാഗപ്പള്ളി : ദിവസവും എണ്ണായിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എ.ടി.എം കൗണ്ടർ പ്രവർത്തിക്കാത്തത് കഷ്ടം തന്നെ. റെയിൽവേ അധികൃതരുടെ അനാസ്ഥ കാരണമാണ് ഉണ്ടായിരുന്ന എ.ടി.എം കൗണ്ടറിന്റെ പ്രവർത്തനം നിലച്ചതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് സ്റ്റേഷൻ ഗ്രൗണ്ടിൽ എസ്.ബി.ഐയുടെ ഒരു എ.ടി.എം. കൗണ്ടർ പ്രവർത്തിച്ചിരുന്നു. യാത്രക്കാർക്ക് പണം എടുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും അത് ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാൽ, റെയിൽവേ അധികൃതർ അമിത വാടക ആവശ്യപ്പെട്ടതിനെ തുടർന്ന് ബാങ്ക് എ.ടി.എം കൗണ്ടറിന്റെ പ്രവർത്തനം നിറുത്തിവെച്ചു. അതോടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
നടപടിയെടുക്കാതെ അധികൃതർ
എ.ടി.എം കൗണ്ടർ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ആക്ഷൻ കൗൺസിൽ നിരവധി തവണ റെയിൽവേ അധികാരികൾക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എ.ടി.എം മെഷീൻ സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അവിടെയുണ്ട്. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കും.
രാത്രികാല യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടും. അടിയന്തരമായി എ.ടി.എം. കൗണ്ടർ തുറക്കണം.
യാത്രക്കാർ