vv
vv

കൊട്ടാരക്കര: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രാപ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അടിയന്തരമായി സിറ്റി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടൗൺ സർവീസുകൾ ആരംഭിക്കുന്നതിലൂടെ നിലവിലെ ട്രാഫിക് ബ്ലോക്കിനും യാത്രാക്ലേശത്തിനും പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഗതാഗതക്കുരുക്ക്

കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ മുതൽ കിഴക്കേത്തെരുവ് വരെയും കുന്നക്കര മുതൽ കരിക്കം വരെയുമാണ് ടൗണിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ഓട്ടോറിക്ഷകളുടെ അനധികൃത ട്രിപ്പടിയും നിയന്ത്രിച്ചാൽത്തന്നെ ഈ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരമുണ്ടാകും.

അനധികൃത ഓട്ടോറിക്ഷകൾ

ടൗണിൽ സ്റ്റാൻഡ് പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 10-15 കിലോമീറ്റർ അകലെയുള്ള ജംഗ്ഷനുകളിൽ സ്റ്റാൻഡ് പെർമിറ്റുള്ള ഓട്ടോറിക്ഷകൾ പോലും സ്വാധീനം ഉപയോഗിച്ച് ടൗണിൽ ഓടുന്നു. ഇത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നുണ്ട്. ഇത്തരം ഓട്ടോറിക്ഷകളെ നിയന്ത്രിക്കാൻ ടൗണിലെ ട്രിപ്പടികൾ പൂർണമായും ഇല്ലാതാക്കണം. ഈ അനധികൃത ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ടൗണിലെ പല സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്നിലെന്ന് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ തന്നെ ആരോപിക്കുന്നു.

പരിഹാരങ്ങൾ

ടൗൺ സർവീസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

നെടുവത്തൂർ പ്ലാമൂട് ജംഗ്ഷൻ മുതൽ ചെങ്ങമനാട് ജംഗ്ഷൻ വരെയും മൈലം മുതൽ സദാനന്ദപുരം വരെയും നാല് സ്വകാര്യ ബസുകളും നാല് കെ.എസ്.ആർ.ടി.സി ബസുകളും സിറ്റി സർവീസുകളായി ഓടിക്കുകയാണെങ്കിൽ ടൗണിലെ യാത്രാക്ലേശത്തിനും ഗതാഗതക്കുരുക്കിനും വലിയൊരളവിൽ പരിഹാരമാകുമെന്ന് നാട്ടുകാ‌ർ പറയുന്നു.