xp
ദേശീയപാതയുടെ സർവ്വീസ് റോഡിൻ്റെ ഭാഗമായി നിർമ്മിച്ച ഓടയുടെ കവറിംഗ്സ്ലാബ് തകർന്ന് മറിഞ്ഞ ടിപ്പർ ലോറി .

തഴവ: പുതിയ ദേശീയപാതയുടെ സർവീസ് റോഡിൽ നിർമ്മിച്ച ഓടകളുടെ ദുർബലമായ കവറിംഗ് സ്ലാബുകൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക ശക്തമാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെ വവ്വാക്കാവ് ജംഗ്ഷന് സമീപം സർവീസ് റോഡിൽ വെച്ച് ടിപ്പർ ലോറി ഓടയുടെ സ്ലാബ് തകർന്ന് മറിഞ്ഞു. മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി പമ്പിൽ നിന്ന് ഡീസലടിച്ച് ദേശീയപാതയിലേക്ക് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് സർവീസ് റോഡിൽ ഏകദേശം മൂന്ന് മണിക്കൂറോളം ഗതാഗതം പൂർണമായി തടസപ്പെട്ടു. തിരക്കേറിയ റോഡിൽ അപകടസമയത്ത് സമീപത്ത് മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

നിർമ്മാണത്തിൽ അപാകത

അപകടത്തിൽപ്പെട്ടത് 250 ക്യുബിക് അടി മണ്ണ് മാത്രം കയറുന്ന സാധാരണ ടിപ്പർ ലോറിയാണ്. എന്നാൽ, റോഡിനോട് ചേർന്ന് നിർമ്മിച്ച ഈ സ്ലാബുകൾക്ക് മുകളിലൂടെ വലിയ ഭാരം കയറ്റിയ മൾട്ടി ആക്സിൽ ലോറികൾ പോലും കടന്നുപോകാൻ സാദ്ധ്യതയുണ്ട്. ശരാശരി 17 സെന്റിമീറ്റർ മാത്രം കനമുള്ള പാർശ്വഭിത്തിക്ക് മുകളിലാണ് ഈ സ്ലാബുകൾ സ്ഥാപിച്ചിട്ടുള്ളത്. സാധാരണയായി വലിയ ഭാരം വഹിക്കുന്ന വാഹനങ്ങൾക്കായി റീഇൻഫോഴ്സ്ഡ് സ്ലാബുകളാണ് ഉപയോഗിക്കാറ്. എന്നാൽ ഇവിടെ സ്ഥാപിച്ചവ വാഹനങ്ങൾക്ക് അനുയോജ്യമായവയല്ല.

അധികൃതരുടെ അനാസ്ഥ

ശരാശരി 11 മുതൽ 12 ടൺ വരെ ഭാരമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പോലും ഈ സ്ലാബുകൾക്ക് മുകളിലാണ് നിർത്തുന്നത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റീഇൻഫോഴ്സ്ഡ് സ്ലാബുകളല്ലാത്തതിനാൽ അപകടമുണ്ടായാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകും. പ്രതിദിനം പതിനായിരക്കണക്കിന് വാഹനങ്ങൾ ഈ അശാസ്ത്രീയമായ സ്ലാബുകൾക്ക് മുകളിലൂടെ കടന്നുപോകുമ്പോഴും അധികൃതർ നിയന്ത്രിക്കാൻ തയ്യാറാകാതെ ഗുരുതരമായ അനാസ്ഥ തുടരുകയാണ്.