പുനലൂർ : കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതിയുടെ (കെ.ഐ.പി.) ഭാഗമായ പരപ്പാർ അണക്കെട്ടും ഒറ്റക്കൽ തടയണയും വൻ വരുമാനം നേടിത്തരാൻ കഴിയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ സാദ്ധ്യതയുണ്ടായിട്ടും ജലവിഭവ വകുപ്പും സർക്കാരും കണ്ണടച്ച് ഇരുട്ടാക്കുന്നു. ദിവസവും 750-നും 1000-നും ഇടയിൽ സഞ്ചാരികൾ കല്ലട പരപ്പാർ ഡാം കാണാനെത്താറുണ്ട്. എന്നാൽ, മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയും മാത്രമാണ് ഇവിടെനിന്നുള്ള ഏക വരുമാനം. ലക്ഷങ്ങൾ വരുമാനം നേടാൻ കഴിയുന്ന ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ മെനക്കെടുന്നില്ല. കെ.ഐ.പി.യുടെ സ്ഥലത്ത് മാതൃകാപരമായ ടൂറിസം പദ്ധതികൾ നടപ്പാക്കിയാൽ തെന്മല വിനോദസഞ്ചാരികളുടെ പറുദീസയായി മാറുമെന്നതിൽ സംശയമില്ല.
സർക്കാർ കെട്ടിടങ്ങളും സ്ഥലങ്ങളും
നടപ്പാക്കാവുന്ന വികസന പദ്ധതികൾ
മലമ്പുഴ, വയനാട് കാരാപ്പുഴ ഡാമുകളിലേതുപോലെ വിപുലമായ വിനോദസഞ്ചാര പദ്ധതികൾ തനതു ഫണ്ട് വിനിയോഗിച്ച് ഇവിടെയും നടപ്പാക്കാം.
1. ഡാമിലേക്കുള്ള വിശാലമായ റോഡിന് ഇരുവശത്തും പൂന്തോട്ടങ്ങളും, ഡാമിലും പരിസരത്തും അലങ്കാര വിളക്കുകളും സ്ഥാപിച്ചാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും.
2. ഡാമിന് താഴെ വിവിധതരം ഗെയിം സോണുകൾ ഒരുക്കാം.
3. പ്രധാന കവാടത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഡാം ടോപ്പിലേക്ക് സഞ്ചാരികൾക്കായി ഇലക്ട്രിക് വാഹനങ്ങളിൽ പ്രത്യേക സവാരി നടത്താം.
4. മലമ്പുഴയിലേതുപോലെ റോപ് വേ ഒരുക്കാനും ഒറ്റക്കൽ തടയണയിൽ ബോട്ടിംഗ് സൗകര്യം ആരംഭിക്കാനും വലിയ സാദ്ധ്യതയുണ്ട്.