chatahn-
ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നശിച്ചു കിടക്കുന്ന വാഹനങ്ങൾ

കൊല്ലം: ചാത്തന്നൂർ പൊലീസിന്റെ സ്വന്തമായ, ഒന്നേമുക്കാൽ ഏക്കളോളം വരുന്ന സ്റ്റേഷൻ പരിസരം കസ്റ്റഡി വാഹനങ്ങളുടെ ശവപ്പറമ്പായി. ചാത്തന്നൂരിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടായി മാറ്റാവുന്ന ഭൂമിയാണ് യാതൊരു പ്രയോജനവുമില്ലാതെ കിടക്കുന്നത്.

ഭൂമിക്ക് ചുറ്റുമതിൽ പോലുമില്ല. 180 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായ മാമ്പളിക്കുന്നം ഗാന്ധിനഗർ റസിഡൻസ് അസോസിയേഷന്റെ ഹൃദയഭാഗത്താണ് ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമൊന്നും ഉണ്ടാകുന്നില്ല. നിരന്തരമായ ഇടപെടലുകളെ തുടർന്ന് 5 ലക്ഷത്തോളം രൂപ ചെലവിട്ട് പൊലീസ് സ്റ്റേഷൻ- വലിയ പള്ളി റോഡിൽ 30 മീറ്റർ നീളത്തിൽ മതിൽ കെട്ടിയതൊഴിച്ചാൽ മറ്റൊരു വികസന പ്രവർത്തനവും ഉണ്ടായിട്ടില്ല.
ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്തതോടെ പ്രധാന പ്രവേശന കവാടം നഷ്ടമായി. ദേശീയപാതയിൽ നിന്ന് 8 അടിയോളം ഉയരത്തിലാണ് ഇപ്പോൾ പൊലീസ് സ്റ്റേഷൻ. കിഴക്ക് ഭാഗത്ത് താത്കാലികമായി നിർമ്മിച്ച ഗേറ്റിലൂടെയാണ് സ്റ്റേഷനിലേക്കുള്ള വരവുപോക്ക്. പൊലീസ് സ്റ്റേഷന്റെ വടക്കുഭാഗത്ത് ചാത്തന്നൂർ- കട്ടച്ചൽ റോഡാണ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ മാലിന്യ നിക്ഷേപ കേന്ദ്രമായും ഇഴജന്തുക്കളുടെ ആവാസ സ്ഥലമായും സ്റ്റേഷൻ പരിസരം മാറിയിട്ടുണ്ട്.

മൊത്തം 158 വാഹനങ്ങൾ

വിവിധ കേസുകളിൽ ഉൾപ്പെട്ട 134 വാഹനങ്ങളും അവകാശികൾ ഇല്ലാത്ത 24 വാഹനങ്ങളും സ്റ്റേഷൻ പരിസരത്തുണ്ട്. കാലപ്പഴക്കം മൂലം നശിച്ചവയാണ് ഭൂരിഭാഗവും. നീക്കം ചെയ്യാനാവാത്ത അവസ്ഥയിൽ ഉള്ളവയുമുണ്ട്. മേലധികാരികളിൽ നിന്നുള്ള നിർദ്ദേശം ലഭിച്ചാൽ ഇവ ഏതു വിധേനയും ഒഴിവാക്കുമെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊലീസ് മറുപടി നൽകിയെങ്കിലും നടപടി ഉണ്ടാവുന്നില്ല.

നശിച്ചു കിടക്കുന്ന വാഹനങ്ങൾ ഇവിടെ നിന്നു മാറ്റാൻ നടപടി ഉണ്ടാവുന്നിൾ. ഫലപ്രദമായി വിനിയോഗിക്കാവുന്ന ഭൂമിയാണ് വെറുതേ കിടക്കുന്നത്

ജി. ദിവാകരൻ, സിറ്റിസൺസ് ഫോറം പ്രസിഡന്റ്