pipe1

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഇരുവശങ്ങളിൽ നിന്നുമുള്ള പൈപ്പ് ലൈനുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ കൂട്ടിമുട്ടും. ഇനി കുണ്ടറ നാന്തിരിക്കൽ ഭാഗത്ത് 300 മീറ്റർ നീളത്തിൽ മാത്രമാണ് പൈപ്പിടാനുള്ളത്.

മൂന്നര വർഷത്തോളം മുടങ്ങിക്കിടന്ന പൈപ്പിടൽ മേയ് അവസാന വാരമാണ് പുനരാരംഭിച്ചത്. കുണ്ടറ നാന്തിരിക്കൽ മുതൽ ഇളമ്പള്ളൂർ സബ് സ്റ്റേഷൻ വരെ 2600 മീറ്ററിൽ ഇതുവരെ 2300 മീറ്റർ സ്ഥാപിച്ച് കഴിഞ്ഞു. ശേഷിക്കുന്ന ഭാഗത്തെ തടസങ്ങൾ നീക്കി രണ്ട് ദിവസത്തിനകം പണികൾ തുടങ്ങും.

ഞാങ്കടവിലെ കൂറ്റൻ കിണറ്റിൽ നിന്ന് വസൂരിച്ചിറയിലെ സംസ്കരണ പ്ലാന്റിലേക്കുള്ളതാണ് പൈപ്പ് ലൈൻ ശൃംഖല. ഇതിൽ ഞാങ്കടവിൽ നിന്ന് ഇളമ്പള്ളൂരിന് സമീപം വരെയും വസൂരിച്ചിറയിൽ നിന്ന് നാന്തിരിക്കൽ വരെയുമുള്ള പൈപ്പിടൽ മൂന്നരവർഷം മുമ്പ് പൂർത്തിയായിരുന്നു. പൈപ്പ് ലൈനുകൾ കൂട്ടിമുട്ടിക്കാൻ കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഓരത്തൂടെയും മറിച്ചും ഒരുകിലോമീറ്റർ പൈപ്പിടാനുള്ള അനുമതി മൂന്നരവർഷം മുമ്പ് ഉപരിതല ഗതാഗത മന്ത്രാലയം നിഷേധിക്കുകയായിരുന്നു. കളക്ടറുടെ ശക്തമായ ഇടപെടലിൽ കഴിഞ്ഞ ജൂണിൽ 170 മീറ്റർ നീളത്തിൽ മാത്രം ദേശീയപാത മുറിക്കാൻ ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകുകയായിരുന്നു.

കെ.എസ്.ഇ.ബി കേബിളുകൾ മാറ്റും

 പൈപ്പിടലിന് തടസമായത് കെ.എസ്.ഇ.ബിയുടെ കേബിളുകൾ

 രണ്ട് ദിവസത്തിനകം മാറ്റി സ്ഥാപിക്കും

 ഇതോടെ ശേഷിക്കുന്ന 300 മീറ്ററിൽ നിർമ്മാണം

 തുടർന്ന് പൈപ്പുകൾ കൂട്ടിയോജിപ്പിക്കും

പൈപ്പിടൽ

2600 മീറ്ററിൽ

(കുണ്ടറ-ഇളമ്പള്ളൂർ സബ് സ്റ്റേഷൻ വരെ)

ഇതുവരെ സ്ഥാപിച്ചത്

2300 മീറ്റർ

ശേഷിക്കുന്നത്

300 മീറ്റർ

പമ്പ് സെറ്റ് സർവേ പൂർത്തിയായി

 ഞാങ്കടവിൽ കൂറ്റൻ കിണർ, വസൂരിച്ചിറയിൽ ട്രീറ്റ്മെന്റ് പ്ലാന്റ്

 ഇവിടങ്ങളിൽ സ്ഥാപിക്കേണ്ടത് ഉയർന്ന ശേഷിയുള്ള പമ്പുകൾ

 കരാർ കമ്പനി പമ്പുകളുടെ സർവേ പൂർത്തിയാക്കി വാട്ടർ അതോറിറ്റിക്ക് കൈമാറി

 അനുമതി നൽകുന്നതിന് പിന്നാലെ കരാർ കമ്പനി പമ്പ് സെറ്റ് നിർമ്മാണത്തിന് കരാർ നൽകും

 ഇതിന് പുറമേ ‌ഞാങ്കടവിൽ സബ് സ്റ്റേഷന്റെയും രൂപരേഖയായി

ലക്ഷ്യം

 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കും
 ഏപ്രിലിൽ ട്രയൽ റൺ
 മേയിൽ കമ്മിഷനിംഗ്

പദ്ധതി നിർവഹണ ഉദ്യോഗസ്ഥരായ എക്സി.എൻജിനിയറും അസി.എൻജിനിയറും കൂട്ട സ്ഥലംമാറ്റത്തിൽ മാറും. ചുമതലക്കാർ മാറുന്നത് പദ്ധതിയെ ബാധിക്കാതെ നോക്കും.

വാട്ടർ അതോറിറ്റി അധികൃതർ