കൊല്ലം: പട്ടാഴി കേന്ദ്രമായി പ്രവർത്തിക്കുന്ന കെ.വി ഇറവങ്കര സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി ഇറവങ്കര സ്മാരക കഥകളി പുരസ്കാരം കഥകളിയിലെ ചെണ്ടവാദ്യ കലാകാരൻ കലാമണ്ഡലം കൃഷ്ണദാസിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ.വി ഇറവങ്കര സ്മാരക 'പട്ടാഴി കലാ പ്രതിഭ' പുരസ്കാരം കവിയും സാംസ്കാരിക പ്രവർത്തകനുമായ അനിൽ പന്തപ്ളാവിനും കെ.വി ഇറവങ്കര സ്മാരക 'കലാശ്രേഷ്ഠ' പുരസ്കാരം സംഗീത അദ്ധ്യാപിക സാവിത്രി ബാബുരാജിനും നൽകും. 5000 രൂപയും ഫലകവും അടങ്ങുന്നതാണ് രണ്ട് പുരസ്കാരങ്ങളും. കലാകാരനും എഴുത്തുകാരനും കഥകളി സംഘാടകനുമായിരുന്ന കെ.വി.ഇറവങ്കരയുടെ ചരമ വാർഷികവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും പുരസ്കാരങ്ങൾ നൽകുന്നത്.