honeybee

കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി ഗവ. ഹൈസ്‌കൂളിന് സമീപം ആളില്ലാത്ത വീടിനോട് ചേർന്ന മാവിൻ കൊമ്പിൽ കാട്ടുതേനീച്ചകൾ കൂട് കൂട്ടി. ഇരുനൂറ്റൻപതിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിലേയ്ക്കുള്ള പ്രധാന പ്രവേശന കവാടത്തിന് മുന്നിലാണ് തേനീച്ചകൾ കൂടൊരുക്കി 'ഹാജ‌ർ' അറിയിച്ചത്.

റോഡിലേക്ക് പൂർണമായും ചാഞ്ഞുകിടക്കുന്ന കൊമ്പാണിത്. ഒരാഴ്ചയിലേറെയായി തേനീച്ചകൾ വിദ്യാർത്ഥികൾക്ക് ഭീഷണിയായിട്ട്. കുട്ടികളുമായി സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ മരക്കൊമ്പിൽ തട്ടുമ്പോൾ തേനീച്ചകൾ ഇളകുകയും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഭാഗ്യം കൊണ്ടാണ് വലിയ അപകടങ്ങൾ ഒഴിവാകുന്നത്.

കാറ്റ് വീശുമ്പോൾ ഇവ ഇളകി വലിയ ശബ്ദത്തോടെ കൂട്ടമായി മൂളിപ്പറക്കാറുണ്ട്. സ്കൂളിന് മുന്നിലെ അപകടാവസ്ഥ രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ അധികൃതരെയും ജനപ്രതിനിധികളെയും ചൂണ്ടിക്കാണിച്ചിട്ടും നടപടി നീളുകയാണ്. തേനീച്ചകൾ ഇളകി ക്ളാസ് മുറികളിലേയ്ക്ക് കയറിയാൽ വലിയ അപകടമാകും സംഭവിക്കുക. ഫയർഫോഴ്സിലും ആർ.ആർ.ടിയിലും വിവരം അറിയിച്ചെങ്കിലും ഒഴിഞ്ഞുമാറി.

കൂടൊരുക്കിയത് കാട്ടുതേനീച്ച

 ചെറിയ കൂടായതിനാൽ വരാനാവില്ലെന്ന് ഫയർഫോഴ്സ്

 പരാതിക്കാർ തുരത്തിയാൽ മതിയെന്ന്

 ചെറിയ തീപ്പന്തം ഉപയോഗിക്കേണ്ടിവരും

 റാപ്പിഡ് റെസ്പോൺസ് ടീം കൈയൊഴിഞ്ഞു

 കൊല്ലാൻ തങ്ങൾക്ക് അധികാരമില്ലെന്ന്

തേനീച്ചക്കൂട്ടത്തെ ഭയന്ന് എല്ലാ ദിവസവും രക്ഷിതാക്കൾക്കൊപ്പമാണ് സ്കൂളിലേക്ക് പോകുന്നത്. സ്കൂൾ വിടുമ്പോഴും എത്തും.

വൈഷ്ണവ്, അമ്പാടി, വിദ്യാർത്ഥികൾ

കാട്ട് തേനീച്ചകളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണം. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പ് വെട്ടിമാറ്റണം.

രക്ഷിതാക്കൾ